ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളം മാതൃക: മന്ത്രി ആർ.ബിന്ദു

Tuesday 16 September 2025 12:59 AM IST

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളം മുന്നിലാണെന്നും വിജ്ഞാനമേഖലയിൽ പുതിയ മാതൃക സൃഷ്ടിക്കുകയാണെന്നും മന്ത്രി ആർ.ബിന്ദു പറഞ്ഞു. നാക്, എൻ.ഐ.ആർ.എഫ്, കെ.ഐ.ആർ.എഫ് റാങ്കിംഗിൽ മുന്നിലെത്തിയ സ്ഥാപനങ്ങൾക്ക് 'മിനിസ്റ്റേഴ്‌സ് അവാർഡ് ഫോർ എക്‌സെലൻസ്' നൽകി ആദരിക്കുന്ന എക്‌സലൻഷ്യ പരിപാടി ടാഗോർ തിയേറ്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

രാജ്യത്തെ മികച്ച 300കോളേജുകളിൽ 25ശതമാനവും കേരളത്തിലാണ്. സർവകലാശാലകൾ ദേശീയ തലത്തിൽ ഉയർന്ന റാങ്കിൽ എത്തിയത് കേരളത്തിലെ മികച്ച വിദ്യാഭ്യാസ സംവിധാനത്തിന്റെ ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു. കോളേജ് വിദ്യാഭ്യാസ ഡയറക്ടർ സുധീർ കെ അധ്യക്ഷത വഹിച്ചു. നാക് അഡ്വൈസർ ദേവേന്ദർ കാവഡെ മുഖ്യാതിഥിയായി.

നാലുവർഷ ബിരുദം ആഗോള മത്സരത്തിന് പ്രാപ്തമാക്കും

നാലുവർഷ ബിരുദകോഴ്സ് വിദ്യാർത്ഥികളെ ആഗോള മത്സരങ്ങൾക്ക് സജ്ജരാക്കുമെന്ന് മന്ത്രി പറഞ്ഞു. പരീക്ഷകൾ കൃത്യസമയത്ത് നടത്തുകയും ഫലങ്ങൾ ദിവസങ്ങൾക്കുള്ളിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത് നേട്ടമാണ്. ഇനി ക്രെഡിറ്റ്-ലിങ്ക്ഡ് ഓൺലൈൻ കോഴ്‌സുകൾ വികസിപ്പിക്കും. ഇതിലൂടെ അദ്ധ്യാപകർക്ക് അവരുടെ വൈദഗ്ധ്യമനുസരിച്ച് സിഗ്‌നേച്ചർ കോഴ്‌സുകൾ രൂപകൽപ്പന ചെയ്യാനാവും. ഗവേഷണ സംസ്‌കാരം വളർത്തുന്നതിനായി ഏഴ് മികവിന്റെ കേന്ദ്രങ്ങൾ തുടങ്ങിയിട്ടുണ്ട്. ഒരു ലക്ഷം ഇന്റേൺഷിപ്പുകൾ ലക്ഷ്യമിട്ടുള്ള ഇന്റേൺഷിപ്പ് പോർട്ടലുമുണ്ട്.