മനുഷ്യ, വന്യജീവി സംഘർഷ ലഘൂകരണം: തീവ്രയജ്ഞ പരിപാടിയുമായി വനം വകുപ്പ്
കാളികാവ്: വർദ്ധിച്ചു വരുന്ന മനുഷ്യ, വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും പരിഹാരം കാണുന്നതിനും വനം വകുപ്പിന്റെ കർമ്മ പദ്ധതി. 45 ദിവസം നീണ്ടുനിൽക്കുന്ന മനുഷ്യ വന്യ ജീവി സംഘർഷ ലഘൂകരണ തീവ്ര യജ്ഞ പരിപാടിക്കാണ് തുടക്കമിട്ടത്.
ഈ മാസം 16ന് സംസ്ഥാന വ്യാപകമായാണ് പരിപാടി നടത്തുന്നത്. ഇതിന്റെ ഭാഗമായി 16ന് വനം വകുപ്പിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ കർഷക സംഘം, മൃഗസംരക്ഷണ വകുപ്പ് തുടങ്ങിയുള്ള പ്രതിനിധികൾ എന്നിവരുടെ യോഗം തദ്ദേശ സ്ഥാപനങ്ങളിൽ നടക്കും. പരിപാടിയിൽ കർഷകരുടെ പരാതികൾ നേരിട്ടു കേൾക്കും.
തുടർന്ന് പരിപാടിയുമായി ബന്ധപ്പെട്ട പരാതികൾ അതത് തദ്ദേശ സ്ഥാപനങ്ങളിൽ സ്ഥാപിച്ച പരാതിപ്പെട്ടിയിൽ ആർക്കും നിക്ഷേപിക്കാം.
ഈ പരാതികളുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുക, കർഷകരുടെ പരാതികൾക്ക് ഫലപ്രദമായ പരിഹാരം കാണുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം.
അടിയന്തര നടപടി
വന പ്രദേശങ്ങളിൽ താമസിക്കുന്ന കർഷകരുടെ പരാതികളിൽ അടിയന്തര നടപടികൾക്ക് അതത് റെയ്ഞ്ചുകളിൽ തന്നെ പരിഹാരം കാണാനുള്ള ശ്രമമുണ്ടാകും.
പദ്ധതിയുടെ ഭാഗമായി വനം പഞ്ചായത്ത് തല സംഘം വിവര ശേഖരണം നടത്തും.
ലഭിക്കുന്ന പരാതികൾ പ്രാദേശികമായി പരിഹരിക്കേണ്ടവ റെയ്ഞ്ച്, ഡിവിഷൻ എന്നീ തലങ്ങളിൽ പരിഹരിക്കും.
വന്യ ജീവി ആക്രമണങ്ങളിൽ പരിക്കേൽക്കുന്നവർക്കും കൃഷി നശിക്കുന്നവർക്കുമുള്ള സഹായം ത്വരിതഗതിയിൽ ലഭ്യമാക്കുന്നതിനുള്ള നടപടികളുമുണ്ടാകും.
കർഷകരുടെയും വന്യജീവി പ്രശ്നങ്ങളിൽ ബുദ്ധിമുട്ടുന്നവരുടെയും പ്രശ്നങ്ങൾക്ക് കാര്യക്ഷമമായ നടപടികൾ ഉണ്ടാകും
പി.രാജീവ് , കാളികാവ് റെയ്ഞ്ചർ