തലസ്ഥാനത്ത് ചികിത്സയിലിരിക്കെ മരിച്ച രണ്ടു പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
Tuesday 16 September 2025 12:09 AM IST
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരിച്ച രണ്ടുപേർക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഇന്നലെ മരിച്ച തിരുവനന്തപുരം മുട്ടത്തറ സ്വദേശിയായ 52 വയസ്സുള്ള സ്ത്രീക്കും ഞായറാഴ്ച മരിച്ച കൊല്ലം വെളിനല്ലൂർ സ്വദേശിയായ 91 വയസ്സുള്ള പുരുഷനുമാണ് രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ചയായി ഇവർ ചികിത്സയിലായിരുന്നു.
എവിടെ നിന്നാണ് ഇവർക്ക് രോഗം ബാധിച്ചതെന്നത് തുടർ പരിശോധനകളിലൂടെ മാത്രമേ വ്യക്തമാകൂവെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് ഒമ്പത് മാസത്തിനിടെ 19 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ആക്കുളത്തെ നീന്തൽ കുളത്തിൽ നിന്ന് രോഗം ബാധിച്ച് ചികിത്സയിലുള്ള 17കാരന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്.