കൂട്ടുകൂടിയ സന്തോഷം മാഞ്ഞത് അതിവേഗം
കൊല്ലം: വിവാഹത്തിൽ പങ്കെടുക്കാൻ തലേന്നാൾ എത്തിയവർ, സന്തോഷങ്ങൾക്കിടെ അപ്രതീക്ഷിതമായി കടന്നുപോയതിന്റെ സങ്കടത്തിലാണ് മറ്റ് കൂട്ടുകാർ. കൊട്ടാരക്കര നീലേശ്വരം മുക്കോണിമുക്കിലെ കൂട്ടുകാരൻ സുധീഷിന്റെ ജ്യേഷ്ഠന്റെ കല്യാണം കൂടാനാണ് വിജിലും സഞ്ജയും അക്ഷയ്യുമടക്കമുള്ള കൂട്ടുകാരെത്തിയത്.
ഏഴ് വർഷം മുമ്പ് ഓൺലൈൻ ഗെയിമുമായി ബന്ധപ്പെട്ടാണ് കാതങ്ങൾക്ക് അപ്പുറമുള്ളവർ സൗഹൃദക്കണ്ണിയായത്. പിന്നെ വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി ഉറ്റ ചങ്ങാതിമാരായി. സുധീഷിന്റെ ജ്യേഷ്ഠന്റെ വിവാഹം കൂടാൻ തലേന്നാൾതന്നെ എല്ലാവരും കൊട്ടാരക്കരയിലെത്തി. നീലേശ്വരം കളപ്പില താഴേതിൽ വീട്ടിൽ വി.എസ്.വിജിൽ കുമാർ കൂട്ടുകാരെയെല്ലാം സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചു. ഞായറാഴ്ച രാത്രിയിൽ ഇവരെല്ലാം ഒന്നിച്ച് സന്തോഷത്തിൽ പങ്കുചേർന്നു. ഇന്നലെ രാവിലെ പവിത്രേശ്വരം മാറനാടുള്ള ഓഡിറ്റോറിയത്തിൽ വിവാഹ ചടങ്ങിൽ പങ്കെടുത്തു. വരന്റെ വീട്ടിലെത്തിയ ശേഷമാണ് കൂട്ടുകാർ മടക്കയാത്രയ്ക്ക് തയ്യാറെടുത്തത്. വിജിലിന്റെ വീട്ടിലെത്തി തലേന്നാൾ ഇട്ട വസ്ത്രങ്ങളും ബാഗുമൊക്കെ എടുക്കാനായി ബൈക്കുകളിൽ പോകവെയായിരുന്നു അപ്രതീക്ഷിത അപകടം. വിജിലുൾപ്പടെ മൂവർ സംഘം സഞ്ചരിച്ച ബൈക്ക് എതിർ ദിശയിൽ നിന്ന് വന്ന കെ.അജിത്തിന്റെ ബുള്ളറ്റുമായി കൂട്ടിയിടിക്കുകയായിരുന്നു. അമിത വേഗമായിരുന്നോ, അശ്രദ്ധയാണോ എന്നൊന്നും അറിയുന്നതിന് മുന്നേ അപകടം സംഭവിച്ചുകഴിഞ്ഞിരുന്നു.
ഓടിവന്ന് നോക്കുമ്പോൾ
റോഡിൽ ചിതറിക്കിടക്കുന്നു...
ഉച്ചയൂണിന് ശേഷം ചെറിയൊരു മയക്കത്തിലേക്ക് വഴുതിവീണപ്പോഴാണ് നീലേശ്വരം വാറുതുണ്ടിൽ വീട്ടിൽ ആർ.വിശ്വനാഥൻ വലിയ ശബ്ദംകേട്ട് ഞെട്ടിയുണർന്നത്. ഓടി റോഡിലേക്ക് വന്നപ്പോൾ നാലുപേർ റോഡിൽ കിടക്കുന്നു. ശരീരാവയവങ്ങൾ പൊട്ടിച്ചിതറിയിട്ടുണ്ട്. രണ്ട് ബൈക്കുകൾ തമ്മിൽ ഇടിച്ചതാണെന്ന് മനസിലായി. അപ്പോഴേക്കും ആളുകളൊക്കെ കൂടി. എന്തു ചെയ്യണമെന്നറിയാതെ ഒരുനിമിഷം വിശ്വനാഥനും നിന്നുപോയി. അപ്പോഴേക്കും വന്ന കാറിൽ രണ്ടുപേരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അധികം വൈകാതെ ആംബുലൻസെത്തി. അതിൽ ബാക്കിയുള്ളവരെയും. ശരീര ഭാഗങ്ങൾ പൊട്ടിച്ചിതറിയതൊക്കെ കൺമുന്നിൽ ഇപ്പോഴുമുണ്ടെന്ന് വിശ്വനാഥൻ പറയുന്നു.