കിണറാഴത്തിൽ പൊലിഞ്ഞത് വീട്ടിലെ ചിരിമുഖം
കൊല്ലം: മൂന്ന് വയസുകാരൻ ദിലിൻ ബൈജുവിന്റെ അപ്രതീക്ഷിത വിയോഗം കൊട്ടാരക്കര വിലങ്ങറ പിണറ്റിൻമുകൾ ഗ്രാമത്തിന് തീരാനൊമ്പരമായി. വീട്ടിനുള്ളിലും മുറ്റത്തുമൊക്കെ എപ്പോഴും ചിരിമുഖവുമായി ഓടിക്കളിച്ചിരുന്ന കുട്ടിയെ അയൽക്കാർക്കെല്ലാം ഒരുപാട് ഇഷ്ടമായിരുന്നു. അടുത്ത് താമസക്കാരായ പിണറ്റിൻമുകൾ തെറ്റിക്കുന്നിൽ വീട്ടിൽ ബൈജുവും പേഴുവിള വീട്ടിൽ ധന്യയും തമ്മിൽ പ്രണയവിവാഹിതരായതാണ്. രണ്ട് മതത്തിൽ നിന്നുള്ളവർ ഒന്നിച്ച് ജീവിതം തുടങ്ങിയത് കൂടുതൽ സന്തോഷാവസ്ഥകളിലേക്ക് എത്തിയത് ദിലിൻ ബൈജുവിന്റെയും ജ്യേഷ്ഠൻ ദിയാൻ ബൈജുവിന്റെയും (7) ജനനത്തോടെയാണ്. ബൈജു പ്രവാസ ലോകത്തേക്ക് പറന്നതോടെ ധന്യ മിക്കപ്പോഴും സ്വന്തം വീട്ടിലായിരുന്നു. ഈ വീട്ടിൽ വച്ചാണ് ദിലിൻ ബൈജു കിണറാഴത്തിലേക്ക് പതിച്ചത്. വീട്ടിനുള്ളിൽ കളിച്ചുകൊണ്ടിരിക്കെ കളിപ്പാട്ടം പുറത്തേക്ക് ഉരുണ്ടുപോയപ്പോൾ പിന്നാലെ ഓടിയതാകുമെന്നും കിണറ്റിലേക്ക് എത്തി നോക്കിയവഴി വീണതാകുമെന്നാണ് കരുതുന്നത്. അമ്മ ധന്യയും (അമ്മു) അമ്മൂമ്മ ഉഷയും വീട്ടിലുണ്ടായിരുന്നു. രക്ഷാപ്രവർത്തനങ്ങൾക്ക് വേഗത കൈവന്നുവെങ്കിലും ആ കുഞ്ഞുജീവൻ തിരികെക്കിട്ടിയില്ല. ഇന്ന് ദിലിൻ ബൈജുവിന്റെ ചേതനയറ്റ ശരീരം വീട്ടിലെത്തിക്കുമ്പോൾ അതെങ്ങനെ ഉൾക്കൊള്ളുമെന്നതാണ് തെങ്ങലായി അവശേഷിക്കുന്നത്.