ജോലി സ്ഥലത്ത് മോഷണം പതിവാക്കിയ പ്രതി പിടിയിൽ

Tuesday 16 September 2025 1:08 AM IST

എഴുകോൺ: സ്ഥാപനങ്ങളിലും മറ്റും ജോലിക്ക് നിന്ന് ഉടമയുടെ വിശ്വാസം നേടിയ ശേഷം കവർച്ച നടത്തി മുങ്ങുന്നത് ശീലമാക്കിയ പ്രതി പിടിയിൽ. പാരിപ്പള്ളി പാമ്പുറം കോലായിൽ പുത്തൻവീട്ടിൽ ഗിരീഷാണ് (41) എഴുകോൺ പൊലീസിന്റെ വലയിലായത്. പാലക്കാട് ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. നെടുമൺകാവ് കല്യാണി ഹോട്ടലിൽ നിന്ന് 50000 രൂപ മോഷണം പോയ കേസിലെ അന്വേഷണമാണ് സ്ഥിരം കുറ്റവാളിയെ കുടുക്കിയത്.

ആഗസ്റ്റ് 6നായിരുന്നു സംഭവം. കാഷ് കൗണ്ടറിലെ മേശയിൽ നിന്നാണ് പണം നഷ്ടമായത്. രണ്ട് ദിവസം മുമ്പ് ഇവിടെ ജോലിക്കെത്തിയ ഗിരീഷിനെ സംഭവശേഷം കാണാതായിരുന്നു. സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഗിരീഷിനെ തിരിച്ചറിഞ്ഞത്.

സമാനമായ നിരവധി കുറ്റകൃത്യങ്ങൾ ഇയാൾ നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മുമ്പ് കൊലപാതക കേസിലും പ്രതി ചേർക്കപ്പെട്ടിരുന്ന ഇയാൾക്കെതിരെ അടിപിടിയുൾപ്പടെ പന്ത്രണ്ടോളം കേസുകൾ നിലവിലുണ്ട്. കൊട്ടാരക്കര ഡിവൈ.എസ്.പി ബൈജുകുമാറിന്റെ നിർദ്ദേശാനുസരണം എഴുകോൺ ഐ.എസ്.എച്ച്.ഒ സുധീഷ് കുമാർ, എസ്. ഐമാരായ രജിത്ത്, എസ്.സന്തോഷ് കുമാർ, ഐ.മേരിമോൾ, എസ്.സി.പി.ഒമാരായ സജു, ഗോപകുമാർ, സി.പി.ഒമാരായ കിരൺ, റോഷ് ക്‌ളീറ്റസ്, സൈബർ സെൽ ഉദ്യോഗസ്ഥരായ മഹേഷ്, സുനിൽ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. റിമാൻഡ് ചെയ്തു.