വിവിധ വിഭാഗങ്ങളുടെ സമ്മേളനം സൂത്രപ്പണി: കെ.പി.സി.സി

Tuesday 16 September 2025 3:12 AM IST

തിരുവനന്തപുരം: വിവിധ വിഭാഗങ്ങളുടെ പേരിൽ സംഘടിപ്പിക്കുന്ന സമ്മേളനങ്ങൾ തിരഞ്ഞെടുപ്പ് പരാജയം മുന്നിൽ കണ്ടുള്ള സർക്കാർ സൂത്രപ്പണി മാത്രമാണെന്ന് കെ.പി.സി.സി നേതൃയോഗത്തിന്റെ വിലയിരുത്തൽ. ഖജനാവിന് അധിക സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്ന മറ്റൊരു ധൂർത്താണിത്. ഈ സമ്മേളനങ്ങളുടെ രാഷ്ട്രീയ ദുഷ്ടലാക്ക് ജനം തിരിച്ചറിയും.

പ്രസിഡന്റ് സണ്ണി ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന കെ.പി.സി.സി ഭാരവാഹികളുടെയും ഡി.സി.സി പ്രസിഡന്റുമാരുടെയും യോഗമാണ് വിഷയം ചർച്ച ചെയ്തത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായ ക്രമീകരണങ്ങളുടെ തിരക്കുകൾക്ക് ഇടയിലുള്ള വോട്ടർ പട്ടിക പരിഷ്‌കരണം വലിയ പ്രതിസന്ധി സൃഷ്ടിക്കും. തദ്ദേശ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രമാണ് ശേഷിക്കുന്നത്. അതിനിടയിൽ എസ്.ഐ.ആർ നടത്തുന്നത് അപ്രായോഗികമാണ്. യഥാർത്ഥ വോട്ടർമാരുടെ അവകാശം ഉറപ്പുവരുത്തുന്നതിനുള്ള വ്യവസ്ഥകൾ എസ്.ഐ.ആറിലില്ലെന്ന് യോഗം കുറ്റപ്പെടുത്തി.

ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെയും ബി.ജെ.പിയുടെയും ഗൂഢാലോചന തുറന്നുകാട്ടുന്നതിന് ഒക്ടോബർ ആദ്യവാരം കോഴിക്കോട്ട് കോൺഗ്രസിന്റെ ദേശീയ നേതാക്കളെ പങ്കെടുപ്പിച്ച് ജനാധിപത്യ സംരക്ഷണ സദസ്സ് സംഘടിപ്പിക്കും. വാർഡ് തലത്തിൽ നടന്നുവരുന്ന ഗൃഹസന്ദർശനവും ഫണ്ട് ശേഖരണവും ഈമാസം 30 വരെ നീട്ടും. ഡി.സി.സി നേതൃയോഗങ്ങൾ സെപ്റ്റംബർ 20നുള്ളിൽ പൂർത്തിയാക്കും. മണ്ഡല അവലോകന യോഗം 20,21,22 തീയതികളിൽ നടക്കും.