സെൻട്രൽ ജയിലിലേക്ക് ലഹരിയെറിഞ്ഞു നൽകിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിന്റെ മതിലിന് മുകളിലൂടെ ലഹരിയെറിഞ്ഞു നൽകുന്ന സംഘത്തിലെ തലവൻ അറസ്റ്റിൽ. കണ്ണൂർ അത്താഴക്കുന്ന് സ്വദേശി കെ.പി. മജീഫിനെ (31) ആണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ എസ്.ഐ പി. വിനോദ് കുമാർ അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ അത്താഴക്കുന്നിലെ വീട്ടിലെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് പിടികൂടുകയായിരുന്നു. തടവുകാർക്ക് മൊബൈൽ ഫോൺ, പുകയില, ബീഡി എന്നിവ കൊടുക്കാനുള്ള ശ്രമത്തിനിടെ കണ്ണൂർ പനങ്കാവിലെ കെ. അക്ഷയ്‌യെ (27) കഴിഞ്ഞമാസം 24ന് ജയിൽ ജീവനക്കാർ പിടികൂടി പൊലീസിൽ ഏല്പിച്ചിരുന്നു. ജയിലിനു മുൻവശത്തെ വളപ്പിൽ കയറി മതിലിനു മുകളിലൂടെ ലഹരി നൽകാനായിരുന്നു ശ്രമം. സി.സി ടി.വി യിലൂടെ പ്രതികളെ കണ്ട ജയിൽ ജീവനക്കാരെത്തുമ്പോഴേക്കും അക്ഷയ്‌യുടെ കൂടെയുണ്ടായിരുന്ന ഇപ്പോൾ അറസ്റ്റിലായ മജീഫും മറ്റൊരാളും കടന്നുകളഞ്ഞു. ഓടുന്നതിനിടെ വീണതോടെയാണ് അക്ഷയ് പിടിയിലായത്. സംഘത്തിലെ മൂന്നാമൻ ഒളിവിലാണെന്നും ഇയാൾക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയെന്നും പൊലീസ് പറഞ്ഞു. കരിപ്പൂർ, മയ്യിൽ പൊലീസ് സ്റ്റേഷനുകളിൽ മോഷണം ഉൾപ്പെടെ അഞ്ച് കേസുകളിൽ പ്രതിയായ മജീഫ് മുമ്പ് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഈ സമയത്തുണ്ടായ ബന്ധം ഉപയോഗപ്പെടുത്തിയാണ് ജയിലിൽ ലഹരി എത്തിച്ചു നൽകിയതെന്ന് പൊലീസ് പറഞ്ഞു. കക്കാട് ഭാഗത്ത് ഇയാളുടെ നേതൃത്വത്തിൽ ലഹരി വസ്തുക്കൾ സൂക്ഷിക്കുന്ന ഗോഡൗണും കണ്ടെത്തിയിട്ടുണ്ട്.
ഇന്നലെ രാവിലെ വീണ്ടും കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് പുറത്തു നിന്നും ലഹരി വസ്തുക്കളെറിഞ്ഞ് കൊടുക്കുകയും ജയിൽ അധികൃതർ പിടികൂടാൻ ശ്രമിച്ചപ്പോഴേക്കും പ്രതികളോടി രക്ഷപ്പെടുകയും ചെയ്തു. ലഹരി ഉത്പ്പന്നങ്ങൾ ജയിലിനുള്ളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.