വാഴക്കൃഷിയിൽ ഇരട്ടി ലാഭമുണ്ടാക്കുന്നത് ഇങ്ങനെ,​ വിജയരഹസ്യം പങ്കുവച്ച് ഗോപകുമാർ

Tuesday 16 September 2025 1:21 AM IST

പത്തനാപുരം: വാഴക്കുലകളെ മാത്രം ആശ്രയിക്കാതെ, വാഴയില കൃഷിയിലൂടെ വലിയ വരുമാനം നേടി മാതൃകയായിരിക്കുകയാണ് പത്തനാപുരം കാര്യറയിലെ റിട്ട.റെയിൽവേ ഉദ്യോഗസ്ഥനായ ഗോപകുമാർ. സാധാരണ കർഷകർക്ക് ഒരു പുതിയ വരുമാന മാർഗം കാണിച്ചുകൊടുത്തുകൊണ്ട് അദ്ദേഹം കാർഷിക രംഗത്ത് ഒരു വിപ്ലവം സൃഷ്ടിക്കുകയാണ്. സാധാരണയായി കർഷകർ വാഴക്കുലകൾക്കാണ് മുൻഗണന നൽകുന്നത്. എന്നാൽ, കൃഷി ലാഭകരമാക്കാൻ മൂല്യവർദ്ധിത ഉത്പ്പന്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പ്രധാനമാണെന്ന് തിരിച്ചറിഞ്ഞ ഗോപകുമാർ, വാഴയില കൃഷിയിലേക്ക് തിരിയുകയായിരുന്നു. ഇത് അദ്ദേഹത്തെ മറ്റ് കർഷകരിൽ നിന്ന് വ്യത്യസ്തനാക്കുന്നു. ഭാര്യ സുഷമ, മക്കളായ സ്മൃതി, ഗോകുൽ എന്നിവരും മൂന്ന് തൊഴിലാളികളും അദ്ദേഹത്തിന് കൃഷിയിൽ പിന്തുണ നൽകുന്നു.സർവീസിൽ നിന്ന് വിരമിച്ച ശേഷം ഒരു സൈഡ് ബിസിനസ് എന്ന നിലയിൽ ആരംഭിച്ച ഈ കൃഷി ഇപ്പോൾ അദ്ദേഹത്തിന്റെ മുഴുവൻ സമയ ജോലിയും ജീവിതമാർഗവുമായി മാറിയിരിക്കുന്നു.

ഞാലിപ്പൂവൻ വാഴ, 4 ഏക്കറിൽ കൃഷി

നാല് ഏക്കർ ഭൂമി പാട്ടത്തിനെടുത്താണ് ഗോപകുമാർ വാഴയില കൃഷിക്ക് തുടക്കമിട്ടത്. ഏറ്റവും കൂടുതൽ ഇലകൾ ലഭിക്കുന്ന ഞാലിപ്പൂവൻ ഇനം വാഴകളാണ് അദ്ദേഹം കൃഷിക്കായി തിരഞ്ഞെടുത്തത്. കൃഷി തുടങ്ങി രണ്ട് മാസം കഴിയുമ്പോൾ മുതൽ ഇലകൾ മുറിച്ചു തുടങ്ങാം. ഒരു ഇലയ്ക്ക് 4 രൂപ വരെ വില ലഭിക്കുന്നുണ്ട്.

പത്തനാപുരം, കുന്നിക്കോട്, പനലൂർ, മഞ്ഞക്കാല, കാര്യറ തുടങ്ങിയ 15ഓളം കാറ്ററിംഗ് സെന്ററുകളിലാണ് വാഴയില വിൽക്കുന്നത്. കഴിഞ്ഞ ഓണക്കാലത്ത് വാഴയിലക്ക് വലിയ ക്ഷാമവും ആവശ്യകതയും ഉണ്ടായിരുന്നു.വാഴയിലക്ക് പുറമെ, വാഴപ്പിണ്ടി ജ്യൂസ്, പിണ്ടി അച്ചാർ, വൈൻ, ചിപ്സ് തുടങ്ങിയ മൂല്യവർദ്ധിത ഉത്പ്പന്നങ്ങളും നിർമ്മിച്ച് അധിക വരുമാനം നേടാൻ സാധിക്കും. ഇതിനൊപ്പം ചെറിയ വാഴക്കുലകളും ലഭിക്കും.

ഗോപകുമാർ