സ്വിഫ്‌ട് ബസ് ദേശീയപാതയിൽ അപകടത്തിൽപ്പെട്ടു; 28 പേർക്ക് പരിക്ക്, ഒൻപത് പേർക്ക് ഗുരുതരം
Tuesday 16 September 2025 8:19 AM IST
ആലപ്പുഴ: ചേർത്തലയിൽ കെഎസ്‌ആർടിസി സ്വിഫ്‌ട് ബസ് ദേശീയപാതയുടെ അടിപാതയിലേയ്ക്ക് ഇടിച്ചുകയറി 28 പേർക്ക് പരിക്കേറ്റു. ഇവരിൽ ഒൻപത് പേരുടെ നില ഗുരുതരമാണ്. കോയമ്പത്തൂരിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്.
ചേർത്തല പൊലീസ് സ്റ്റേഷൻ പരിസരത്തായി ദേശീയപാതയുടെ ഭാഗമായ അടിപ്പാത നിർമിക്കാൻ സ്ഥാപിച്ച കമ്പികളിലേയ്ക്ക് ബസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ചേർത്തലയിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി ബസ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവർ ശ്രീരാജിനെയും കണ്ടക്‌ടർ സുജിത്തിനെയും പുറത്തെടുത്തത്. ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാഹനങ്ങൾ തിരിച്ചുവിടുന്ന സിഗ്നൽ കാണാത്തതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.