ആഗോള അയ്യപ്പ സംഗമം; പ്രതിനിധികൾക്കായുള്ള രജിസ്‌ട്രേഷൻ അവസാനിപ്പിച്ചു, പമ്പയിൽ ഒരുങ്ങുന്നത് ജർമൻ പന്തൽ

Tuesday 16 September 2025 11:12 AM IST

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലെ പ്രതിനിധികളുടെ എണ്ണം 3500 ആയി ചുരുക്കും. ആദ്യം രജിസ്റ്റർ ചെയ്‌ത 3000പേരെ ഇതിനായി തിരഞ്ഞെടുക്കും. ദേവസ്വം ബോർഡ് 500പേരെ നേരിട്ട് ക്ഷണിക്കും. അയ്യായിരത്തിലധികംപേരാണ് ഇതുവരെ ഓൺലൈനായി അപേക്ഷ നൽകിയത്. ഇതോടെ രജിസ്‌ട്രേഷൻ നടപടി അവസാനിപ്പിച്ചു. വിവിധ സെഷനുകളിൽ പങ്കെടുക്കുന്ന പ്രമുഖരെയും തീരുമാനിച്ചു.

കെ ജയകുമാർ ആയിരിക്കും ശബരിമല മാസ്റ്റർ പ്ലാൻ വിഷയം അവതരിപ്പിക്കുന്നത്. അദ്ദേഹവും മാത്യു ജോസഫും മാസ്റ്റർ പ്ലാൻ ഹൈപ്പർ കമ്മിറ്റി അംഗങ്ങളായിരിക്കുമെന്നും അധികൃതർ അറിയിച്ചു. ശബരിമലയുടെ ആത്മീയ ടൂറിസം സാദ്ധ്യത വിഷയാവതരണം നടത്തുന്നത് കെ ബിജു ഐഎഎസ്, വേണു രാജാമണി, പിഎസ് പ്രശാന്ത് എന്നിവരായിരിക്കും. തിരക്ക് നിയന്ത്രണം സംബന്ധിച്ച വിഷയാവതരണം എ ഹേമചന്ദ്രൻ, ജിഎസ് പ്രദീപ്, ജേക്കബ് പുന്നൂസ്, ശ്രീരാം സാംബശിവ റാവു ഐഎഎസ് എന്നിവരായിരിക്കും.

അതേസമയം, ശനിയാഴ്‌ച പമ്പയിൽ നടക്കുന്ന അയ്യപ്പ സംഗമത്തിനായി 3000പേർക്ക് ഇരിക്കാവുന്ന ശീതീകരിച്ച ജർമൻ പന്തലിന്റെ പണി അവസാനഘട്ടത്തിലെത്തിയിരിക്കുകയാണ്. 38500 ചതുരശ്ര അടിയാണ് വിസ്‌തീർണം. ഇവിടെയാണ് മുഖ്യമന്ത്രി ഉദ്‌ഘാടനം നിർവഹിക്കുക. ഗ്രീൻ റൂം, മീഡിയ റൂം, വിഐപി ലോഞ്ച് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഹിൽടോപ്പിലാണ് പ്രതിനിധികൾക്കുള്ള ഭക്ഷണസൗകര്യം. സെമിനാറും ഇവിടെ നടക്കും. 500പേർക്ക് ഇവിടെ ഇരിക്കാനുള്ള സൗകര്യമുണ്ട്.

പമ്പാ മണപ്പുറവും നദിയും പൂർണമായും വൃത്തിയാക്കിയിട്ടുണ്ട്. പമ്പയിൽ അടിഞ്ഞുകൂടിക്കിടന്ന മാലിന്യം നീക്കി. ശൗചാലയങ്ങൾക്ക് പിന്നിലൂടെയുള്ള സർവീസ് റോഡും പുതുക്കി. ചാലക്കയം - പമ്പ റോഡിലെ കുഴികൾ അടച്ചു. ഇതിന് പുറമേ അയ്യപ്പ സംഗമത്തിനുള്ള പ്രതിനിധികൾക്കായുള്ള സ്‌ക്രീനിംഗ് നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുണ്ട്. എന്നാൽ, ഈ വാർത്ത അടിസ്ഥാന രഹിതമാണെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് അറിയിച്ചത്.