പണിതീരാത്ത അപ്പാർട്ട്‌മെന്റിന് മൂന്ന് കോടി, നോക്കിനിൽക്കേ വിലകൂടി; ഇവിടെ സ്വന്തമായി ഭൂമിയുളളവർ രാജാക്കൻമാർ

Tuesday 16 September 2025 3:12 PM IST

ഭുവനേശ്വർ: ഇന്ത്യയിലെ പല നഗരങ്ങളിലെയും ഭൂമിവിലയിൽ പ്രതിദിനം വലിയ മാ​റ്റങ്ങളാണ് സംഭവിക്കുന്നത്. ചിലയിടങ്ങളിൽ ഭൂമിവില നോക്കിനിൽക്കെ കുറയുകയും കുത്തനെ ഉയരുകയും ചെയ്യും. ബംഗളൂരു, മുംബയ്, ഡൽഹി പോലുളള നഗരങ്ങളുടെ അവസ്ഥ സമാനമാണ്. ഈ നഗരങ്ങളിൽ ഒരു സെന്റ് ഭൂമി വാങ്ങണമെങ്കിൽപോലും ഭീമമായ തുക നൽകേണ്ടി വരും. അപ്പോൾ ഇവിടെ സ്വന്തമായി ഒരു വീടോ ഫ്ളാ​റ്റോ വാങ്ങിയാലുളള അവസ്ഥ പറയേണ്ടതില്ലല്ലോ.

കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഹരിയാനയിലെ ഗുരുഗ്രാമിൽ റിയൽഎസ്‌​റ്റേ​റ്റ് വ്യാപാരങ്ങളുടെ കുതിപ്പ് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഗുരുഗ്രാമിൽ പണികഴിപ്പിക്കുന്ന പുതിയ കെട്ടിടങ്ങളുടെ വില ഇതുവരെ ആരും സ്വപ്നത്തിൽപോലും കാണാത്ത തരത്തിലുളളതായിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ മ​റ്റൊരു നഗരമാണ് റിയൽഎസ്‌​റ്റേ​റ്റ് രംഗത്ത് സ്ഥാനം പിടിച്ചിരിക്കുന്നത്. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വരാണ് ആ നഗരം. ഭുവനേശ്വരിലെ ഗജപതി നഗറിൽ നടന്നുകൊണ്ടിരിക്കുന്ന ഹൗസിംഗ് പ്രോജക്ടാണ് ഇതിനുകാരണമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വാദം.

ഹൗസിംഗ് പ്രോജക്ടിന് കീഴിൽ നിർമാണത്തിലിരിക്കുന്ന 3ബിഎച്ച്‌കെ, 4 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകളുടെ വിലയാണ് സോഷ്യൽ മീഡിയയിലെ ചർച്ച. നിർമാണം പൂർത്തിയാകാത്ത 3 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റിന് 3.3 കോടി രൂപയും 4ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റിന് 3.5 കോടി രൂപയുമാണെന്നാണ് പോസ്​റ്റിൽ പരാമർശിച്ചിരിക്കുന്നത്. 2029 ഫെബ്രുവരിയോടുകൂടി ഹൗസിംഗ് പ്രോജക്ട് പൂർത്തിയാകുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. മനാസ് മുഡുളി എന്ന പേരുളള എക്സ് പേജിലാണ് അപ്പാർട്ട്‌മെന്റിന്റെ വിലയുമായി ബന്ധപ്പെട്ടുളള കുറിപ്പ് പോസ്​റ്റ് ചെയ്തിരിക്കുന്നത്.

ഭുവനേശ്വറിൽ ഒരു 3ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റ് വാങ്ങണമെങ്കിൽ 3.3 കോടി രൂപ നൽകണം. ഒരു കോടിക്ക് മുകളിൽ വില വരുന്ന ഫ്ലാ​റ്റുകൾ വിൽക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഉറപ്പായും ബില്ല് അവതരിപ്പിക്കണമെന്നും പോസ്​റ്റിൽ പറയുന്നുണ്ട്. പോസ്​റ്റിന് വിവിധ തരത്തിലുളള പ്രതികരണങ്ങളാണ് ലഭിക്കുന്നത്. 3.3 കോടിക്ക് ഭുവനേശ്വറിൽ ആരാണ് അപ്പാർട്ട്‌മെന്റുകൾ വാങ്ങുന്നത്?, ഇത് തട്ടിപ്പാണെന്നാണ് ചിലർ പറയുന്നത്. ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ ഭൂമിവില വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതനുസരിച്ച് ബിൽഡർമാർ പുതിയ കെട്ടിടങ്ങളുടെ വില വർദ്ധിപ്പിക്കുന്നതിനുളള തന്ത്രങ്ങൾ മെനയുകയാണെന്ന് മ​റ്റൊരാൾ കമന്റ് ചെയ്തു.