വിവാഹ വാർഷികത്തിന് ഭർത്താവ് നൽകിയത് വിലപിടിപ്പുള്ള ഗിഫ്റ്റ്; എന്താണെന്നറിഞ്ഞതോടെ ഭാര്യ പിണങ്ങിപ്പോയി
വിവാഹ വാർഷികത്തിന് ഭാര്യമാർ പലപ്പോഴും ഭർത്താക്കന്മാരിൽ നിന്ന് ആഭരണങ്ങൾ, ഒരു യാത്ര, അല്ലെങ്കിൽ എന്തെങ്കിലും സർപ്രൈസൊക്കെ പ്രതീക്ഷിക്കും. എന്നാൽ രണ്ടാം വിവാഹ വാർഷികത്തിൽ ഭർത്താവ് നൽകിയ ഗിഫ്റ്റ് കണ്ട് പിണങ്ങിപ്പോയ ഭാര്യയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
31 വയസുള്ള അമേരിക്കൻ യുവതിയാണ് തന്റെ വേദന റെഡ്ഡിറ്റിലൂടെ പങ്കുവച്ചിരിക്കുന്നത്. ആഴ്ചകൾ നീണ്ട തെരച്ചിലിനൊടുവിലാണ് താൻ ഭർത്താവിനായി ഒരു ഗിഫ്റ്റ് കണ്ടെത്തിയതെന്ന് യുവതി പറയുന്നു. മനോഹരമായൊരു സ്മാർട്ട്‌വാച്ചായിരുന്നു അത്. ഗിഫ്റ്റ് ബോക്സിൽ പൊതിഞ്ഞു. ശേഷം ആനിവേഴ്സറി ദിനത്തിൽ വളരെ റൊമാന്റിക്കായി ചുറ്റും മെഴുകുതിരികൾ കത്തിച്ച് ആ ഗിഫ്റ്റ് പ്രിയപ്പെട്ടവന് നൽകുകയും ചെയ്തു.
സമ്മാനം നൽകാനുള്ള ഭർത്താവിന്റെ ഊഴമായി. ഗെയിം കളിക്കാൻ ഏറെ ഇഷ്ടമുള്ളയാളാണ് ഭർത്താവ്. തന്റെ ഗെയിമിംഗ് കളക്ഷനിൽ പുതിയൊരെണ്ണം വാങ്ങാനായി 100 ഡോളർ വിലയുള്ള ഗിഫ്റ്റ് കാർഡ് ആണ് സമ്മാനിച്ചത്. കൂടാതെ തമാശയായി ഒരു കാര്യവും പറഞ്ഞു. 'ഇത് നമുക്ക് രണ്ടുപേർക്കും ഉപകാരപ്പെടും, കാരണം ഞാൻ ഗെയിം കളിക്കുന്നത് നീ കാണുന്നുണ്ട്. അതിനാൽത്തന്നെ രണ്ടുപേർക്കും ഉപകാരമാണ്'- എന്നായിരുന്നു ഭർത്താവ് പറഞ്ഞത്. എന്നാൽ ഇതൊരു തമാശയായിട്ടല്ല യുവതിയ്ക്ക് തോന്നിയത്. വളരെ വേദനിച്ച യുവതി രാത്രി തന്നെ സഹോദരിയുടെ വീട്ടിലേക്ക് പോകുകയും ചെയ്തു.
റെഡ്ഡിറ്റിൽ യുവതിയുടെ പോസ്റ്റ് വൈറലായി. ആയിരക്കണക്കിന് പേരാണ് കമന്റ് ചെയ്തത്. 'അയാൾക്ക് വേണ്ടൊരു സാധനം ഭാര്യയുടെ പേരിൽ വാങ്ങാൻ ഉദ്ദേശിച്ചു. ഇതിനെ സമ്മാനം എന്ന് പറയാനാകില്ല'- എന്നാണ് ഒരാൾ കമന്റ് ചെയ്തത്.