വളം ക്രമക്കേട്: ഫാക്ട് 3.4 കോടി നഷ്ടപരിഹാരം നൽകണം
കളമശേരി: ഫാക്ടിനെതിരായി ആർബിട്രേഷൻ വിധി, ഹൈദരാബാദിലെ എസ്.ആർ. ട്രാൻസ്പോർട്ട് കമ്പനിക്ക് 3,40,164,021 . 83 രൂപ നഷ്ടപരിഹാരം നൽകണം. കേസ് ഫയൽ ചെയ്ത തീയതി മുതൽ വിധി പ്രഖ്യാപിച്ച നാൾ വരെ 18 ശതമാനവും വിധി നടപ്പാക്കുന്നതുവരെ 9 ശതമാനം പലിശയും നൽകണം. ഒരു മാസത്തിനുള്ളിൽ കൊട്ടക് മഹീന്ദ്ര ബാങ്ക് നൽകിയ പെർഫോമൻസ് സെക്യൂരിറ്റി ബാങ്ക് ഗ്യാരണ്ടിയും തിരിച്ചു നൽകണം. മുന്നു ലക്ഷം രൂപ കോടതി ചെലവും ഫാക്ട് നൽകണം.
കരാർ
ഫാക്ടിന്റെ ഉദ്യോഗമണ്ഡൽ , കൊച്ചിൻ ഡിവിഷനുകളിൽ നിന്ന് കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ വിവിധ വിപണന കേന്ദ്രങ്ങളിലക്ക് അമോണിയം സൾഫേറ്റ്, ഫാക്ടം ഫോസ്, ജിപ്സം മിശ്രിതങ്ങൾ, സിങ്കേറ്റഡ് ഫാക്ടംഫോസ് തുടങ്ങിയ വളങ്ങൾ ലോറി വഴിഎത്തിക്കുന്നതിന് 2019 മുതൽ 2 വർഷത്തേക്ക് കരാർ എടുത്തിരുന്നത് എസ്.ആർ ട്രാൻസ്പോർട്ട് കമ്പനിയാണ്. 728.64 കോടി രൂപയുടേതായിരുന്നു കരാർ.
കേസിന്റെ വഴികൾ
1. കർണാടക സ്റ്റേറ്റ് വെയർ ഹൗസിംഗ് കോർപറേഷന്റെ ചിക്മംഗളൂരും, കടൂരിലും സ്റ്റോക്ക് എത്തിയില്ലെന്ന് പരിശോധനകളിൽ കണ്ടെന്ന് പറഞ്ഞ് കുടിശിക ബില്ലുകളിൽ 193.43 ലക്ഷം രൂപ തടഞ്ഞുവച്ചതാണ് കേസിനാധാരം.
2. ബില്ല്, സെക്യൂരിറ്റി ഡെപ്പോസിറ്റ് , ബാങ്ക് ഗ്യാരണ്ടി എന്നിവയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന് ഫാക്ട് മാനേജുമെന്റ് അറിയിച്ചതോടെ നിയമ നടപടികളിലേക്ക് നീങ്ങി.
3. വെയർഹൗസിൽ ചരക്ക് സ്വീകരിച്ചതിന്റെ ഇൻവോയ്സ് പകർപ്പായ , മെറ്റീരിയൽ ഡെലിവറി അക്നോളജ് മെന്റ്, ഗതാഗത ഇൻ വോയ്സും എന്നിവ ട്രാൻസ്പോർട്ടിംഗ് കമ്പനി ആർബിട്രേഷന് മുന്നിൽ ഹാജരാക്കുകയും ചെയ്തു.
5. ഫിസിക്കൽ സ്റ്റോക്ക് അളവുകൾ, സാപ് ബാലൻസുകളുമായും ഗോഡൗൺ രജിസ്റ്ററുമായും താരതമ്യം ചെയ്തിരുന്നു. തുടർന്നായിരുന്നു വിധി.
6. പ്രതിസന്ധിയിലായിരുന്ന ഫാക്ട് കേന്ദ്ര സർക്കാർ നൽകിയ 1000 കോടിരൂപയുടെ വായ്പാസഹായത്തോടെ ലാഭത്തിലേക്ക് തിരിച്ചു വരികയായിരുന്നു. ഇതിനിടെ നഷ്ടപരിഹാരം നൽകാനുള്ള രണ്ടാമത്തെ വിധിയാണിത്.