ക്ലോസറ്റിൽ പത്തിവിടർത്തിയിരിക്കുന്ന മൂർഖൻ; പൈപ്പുകൊണ്ട് വെള്ളം ചീറ്റിയിട്ടും പോയില്ല, പിന്നെ നടന്നത്

Tuesday 16 September 2025 5:42 PM IST

ജയ്പൂർ: റെഡിഡന്റ് ഡോക്ടർമാരുടെ ഹോസ്റ്റലിലെ ശുചിമുറിയിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. രാജസ്ഥാനിലെ ജെ കെ ലോൺ ആശുപത്രിയ്ക്ക് സമീപമുള്ള ഹോസ്റ്റലിൽ ഇന്നലെ പുലർച്ചെയാണ് സംഭവമുണ്ടായത്. പുലർച്ചെ ഇവിടത്തെ താമസക്കാരനായ ഡോക്ടർ മുദിത് ശർമ ശുചിമുറിയിൽ പോയപ്പോഴാണ് മൂർഖനെ കണ്ടത്.

ക്ലോസറ്റിൽ പത്തിവിടർത്തിയ നിലയിലായിരുന്നു മൂർഖൻ. ഇതുകണ്ട് ഡോക്ടർ അക്ഷരാർത്ഥത്തിൽ ഞെട്ടി. തുടർന്ന് മറ്റ് ഡോക്ടർമാരെയും വിവരമറിയിച്ചു. പൈപ്പ് ഉപയോഗിച്ച് പാമ്പിന് നേരെ വെള്ളം ചീറ്റിയെങ്കിലും അത് പുറത്തേക്ക് പോയില്ല.

ഒരുപാട് ശ്രമിച്ചിട്ടും മൂർഖനെ തുരത്താൻ സാധിക്കാതെ വന്നതോടെ പാമ്പ് പിടുത്തക്കാരനായ ഗോവിന്ദ് ശർമയെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ അദ്ദേഹം കുറേ നേരത്തെ പരിശ്രമത്തിനൊടുവിൽ പാമ്പിനെ ചാക്കിലാക്കി. മൂർഖനെ വനത്തിൽ തുറന്നുവിട്ടു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.