'പൊക്കാളിപ്പാടം നികത്തിയവർ തന്നെ പൂർവസ്ഥിതിയിലാക്കണം'
Wednesday 17 September 2025 1:35 AM IST
വൈപ്പിൻ: മാലിപ്പുറത്ത് നികത്തിയ പൊക്കാളിപ്പാടം നികത്തിയവർ തന്നെ പൂർവ്വസ്ഥിതിയിലാക്കേണ്ടി വരുമെന്ന് സി.പി.ഐ ജില്ലാസെക്രട്ടറി എൻ. അരുൺ മുന്നറിയിപ്പ് നൽകി. കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ച് പൊലീസ് കാവലിൽ നികത്തിക്കൊണ്ടിരിക്കുന്ന പാടം സന്ദർശിക്കാനെത്തിയപ്പോഴാണ് അരുൺ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 1500 ഏക്കറോളം വരുന്ന പാടശേഖരത്തിന്റെ ഭാഗമായ ഒന്നര ഏക്കർ പാടമാണ് ഇപ്പോൾ നികത്തിക്കൊണ്ടിരിക്കുന്നത്. റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തെറ്റായ രേഖകൾ സമർപ്പിച്ചാണ് കോടതിയിൽ നിന്ന് ഉടമ വിധി സമ്പാദിച്ചതെന്നും സി.പി.ഐ ആരോപിച്ചു. ജില്ലാ സെക്രട്ടറിയോടൊപ്പം മണ്ഡലം സെക്രട്ടറി കെ.എൽ. ദിലീപ് കുമാർ, അഡ്വ. എൻ.കെ. ബാബു, പി.എസ്. ഷാജി, എം.ബി അയൂബ്, പി.ജെ കുശൻ, റാഫേൽ ഫെർണ്ണാണ്ടസ്, വി.എസ് രഞ്ജിത്ത് തുടങ്ങിയവരും പാടശേഖരം സന്ദർശിച്ചു.