കെ എ ബീനയ്ക്ക് സ്റ്റേറ്റ്സ്മാൻ റൂറൽ റിപ്പോർട്ടിംഗ് അവാർഡ്
തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരിയും മാദ്ധ്യമ പ്രവർത്തകയുമായ കെ.എ. ബീനയ്ക്ക് 'സ്റ്റേറ്റ്സ്മാൻ റൂറൽ റിപ്പോർട്ടിംഗ് അവാർഡ് 2025' ലഭിച്ചു. കൊൽക്കത്തയിൽ ഇന്ന് നടന്ന ചടങ്ങിലാണ് അവാർഡ് പ്രഖ്യാപിച്ചത്. പഞ്ചായത്തീ രാജ് സംവിധാനത്തിലെ ദളിത്/സ്ത്രീ സംവരണം ഇന്ത്യൻ ഗ്രാമങ്ങളിലെ രാഷ്ട്രീയാധികാര സമവാക്യങ്ങളിൽ മാറ്റങ്ങൾ വരുത്തിയോ എന്ന വിഷയത്തെ ആസ്പദമാക്കിയ അന്വേഷണാത്മക റിപ്പോർട്ടിംഗിനാണ് പുരസ്‌കാരം ലഭിച്ചത്. ഈ ലേഖനങ്ങൾ പിന്നീട് 'ആ കസേര ആരുടേതാണ്?' എന്ന പേരിൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
ഇന്ത്യൻ ഇൻഫർമേഷൻ സർവീസിലെ മുതിർന്ന ഉദ്യോഗസ്ഥയായ കെ.എ. ബീന ദൂരദർശനിലും ആകാശവാണിയിലും ന്യൂസ് എഡിറ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷനിൽ ഡെപ്യൂട്ടി ഡയറക്ടറായി പ്രവർത്തിച്ച ശേഷമാണ് വിരമിച്ചത്.
1978ൽ ദ സ്റ്റേറ്റ്സ്മാൻ പത്രം സ്ഥാപിച്ച റൂറൽ റിപ്പോർട്ടിംഗ് അവാർഡ്, ഗ്രാമീണ ഇന്ത്യയെ ആസ്പദമാക്കി തയ്യാറാക്കിയ ഉന്നത നിലവാരത്തിലുള്ള റിപ്പോർട്ടുകൾക്കാണ് സമ്മാനിക്കപ്പെടുന്നത്