ഗൾഫ് കാഴ്ചകൾ ആസ്വദിക്കാം; പ്രവാസികളുടെ ഇഷ്ടനഗരത്തിൽ ഒരു ദിവസം ചെലവഴിക്കാൻ 1000 രൂപ മതി
ദുബായ്: ഒരു തവണയെങ്കിലും മലയാളികൾ കാണാൻ കൊതിക്കുന്ന ഗൾഫ് നഗരമാണ് ദുബായ്. മറ്റുളള ഗൾഫ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ദുബായിൽ ഒട്ടനവധി പ്രത്യേകതകളുണ്ട്. അതിലൊന്നാണ് ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ. ദുബായ് നഗരങ്ങളിലെ രാത്രികാല ജീവിതവും ഷോപ്പിംഗ് മാളുകളും മറ്റുപ്രത്യേകതകളാണ്.
ദുബായിലെത്തി ഇക്കാര്യങ്ങൾ ആസ്വദിക്കുകയെന്നത് വലിയ സാമ്പത്തികശേഷിയുളളവർക്ക് മാത്രമേ സാധിക്കുളളൂവെന്ന ധാരണ ചിലർക്കെങ്കിലുമുണ്ട്. എന്നാൽ ആ ധാരണ തെറ്റാണെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യക്കാരനായ ഒരു സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ. കാഷ് ചൗധരിയെന്ന യുവാവ് അടുത്തിടെ ഒരു യൂട്യൂബ് വീഡിയോ പങ്കുവച്ചിരുന്നു. ഇതിലാണ് ദുബായിൽ ഒരു ദിവസം ചെലവഴിക്കാൻ വെറും 1000 രൂപ (ഏകദേശം 41.68 ദിർഹം) മതിയെന്ന് വാദിച്ചിരിക്കുന്നത്.
ഒരു ബോട്ട് സ്റ്റേഷനിൽ നിന്നാണ് ചൗധരി തന്റെ ഒരു ദിവസം ആരംഭിച്ചത്. ഒരു ദിർഹം കൊടുത്താണ് യുവാവ് യാത്ര തുടങ്ങിയത്. ചെറിയ നിരക്കിലൂടെ യാത്ര ചെയ്ത് ദുബായ് നഗരത്തിന്റെ ഭംഗി ആസ്വദിക്കാമെന്നും വീഡിയോയിൽ പറയുന്നു. തുടർന്ന് യുവാവ് രാവിലത്തെ ഭക്ഷണം കഴിക്കാനായി ദേശി ദേരയിലാണ് എത്തിയത്. അവിടെ ഇന്ത്യൻ വിഭവങ്ങൾക്ക് പേരുകേട്ട ഭക്ഷണശാലയിൽ നിന്ന് ആലു പൊറോട്ടയും ഫ്രഷ് മിൽക്ക് ചായയും കഴിച്ചു. 11 ദിർഹമാണ് ഭക്ഷണം കഴിക്കാനായി ചെലവായത്. അവിടെ നിന്ന് 1.5 ദിർഹം വിലവരുന്ന ഒരു കുപ്പിവെളളവും വാങ്ങി.
തുടർന്ന് യുവാവ് വിവിധ ഷോപ്പിംഗ് മാളുകളിലേക്കാണ് പോയത്. അവിടെ നിന്ന് ഫ്രൂട്ട് ടീയും ചോക്ലേറ്റും വാങ്ങി. പത്ത് ദിർഹമാണ് ചെലവായത്. അടുത്ത ലക്ഷ്യം ബുർജ് ഖലീഫ സന്ദർശിക്കുകയെന്നായിരുന്നു. എട്ട് ദിർഹമാണ് ടിക്കറ്റ് നിരക്ക്. ഒരു ദിവസം അവസാനിച്ചപ്പോൾ ചൗധരിക്ക് ആകെ ചെലലായത് 1000 രൂപ മാത്രമാണ്. ഒരേ ഭക്ഷണശാലയിൽ നിന്ന് മൂന്ന് നേരവും ഭക്ഷണം കഴിക്കുകയാണെങ്കിൽ ചെലവ് നന്നായി ചുരുക്കാമെന്നും ചൗധരി പറയുന്നു.