ഇന്ത്യൻ വിപണികൾ ഉത്സവാഘോഷത്തിൽ
ഓഹരി, സ്വർണ വിപണികളിൽ കുതിക്കുന്നു
കൊച്ചി: അമേരിക്കയിൽ പലിശ കുറയാനുള്ള സാദ്ധ്യതയും ചരക്ക് സേവന നികുതി പരിഷ്‌കരണത്തിലെ പ്രതീക്ഷകളും രാജ്യത്തെ ധന, സ്വർണ വിപണികൾക്ക് കരുത്തായി. വിദേശ ധനകാര്യ സ്ഥാപനങ്ങൾക്കൊപ്പം ആഭ്യന്തര നിക്ഷേപകരും വാങ്ങൽ ശക്തമാക്കിയതോടെ പ്രധാന ഓഹരി സൂചികകളായ സെൻസെക്സും നിഫ്‌റ്റിയും മികച്ച മുന്നേറ്റം നടത്തി. അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് വരും ദിവസങ്ങളിൽ തുടർച്ചയായി പലിശ കുറയ്ക്കാൻ തയ്യാറെടുക്കുകയാണെന്ന വാർത്തകളാണ്
നിക്ഷേപകർ ഉറ്റുനോക്കുന്നത്.
റെക്കാഡിട്ട് പവൻ വില@82,080 രൂപ
കേരളത്തിൽ പവൻ വില 640 രൂപ വർദ്ധിച്ച് 82,080 രൂപയിലെത്തി. ഗ്രാമിന്റെ വില 80 രൂപ ഉയർന്ന് 10,260 രൂപയായി. രാജ്യാന്തര വിപണിയിൽ സ്വർണ വില ട്രോയ് ഔൺസിന്(31.1 ഗ്രാം) 3,700 ഡോളറിന് അടുത്താണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 88.08ലേക്ക് മെച്ചപ്പെട്ടതാണ് ഇന്ത്യയിൽ വില വർദ്ധനയുടെ തോത് കുറച്ചത്. 18,14,9 കാരറ്റ് സ്വർണാഭരണങ്ങളുടെ വിലയും ആനുപാതികമായി കൂടി. 24 കാരറ്റ് സ്വർണത്തിന്റെ വില കിലോഗ്രാമിന് 1.2 കോടി രൂപയിലെത്തി.
ആഭരണമായി വാങ്ങാൻ 90,000 രൂപയാകും
ഇപ്പോഴത്തെ നിരക്കിൽ സ്വർണാഭരണമായി സ്വർണം വാങ്ങുന്നതിന് പവന് പണിക്കൂലിയും ചരക്കു സേവന നികുതിയും സെസും അടക്കം കുറഞ്ഞത് 90,000 രൂപയ്ക്കടുത്ത് മുടക്കണം.
സ്വർണത്തിന് കരുത്താകുന്നത്
അമേരിക്കയിൽ പലിശ കുറയാനുള്ള സാദ്ധ്യത
പശ്ചിമേഷ്യയിലെ രാഷ്‌ട്രീയ സംഘർഷം
ചൈനയിലെ സാമ്പത്തിക തളർച്ച
അമേരിക്കൻ ഡോളറിന്റെ ദൗർബല്യം
മുന്നേറ്റ പാതയിൽ ഓഹരികൾ
നിക്ഷേപ പങ്കാളിത്തമേറിയതോടെ സെൻസെക്സ് 595 പോയിന്റ് നേട്ടവുമായി 82,381ൽ അവസാനിച്ചു. നിഫ്‌റ്റി 170 പോയിന്റ് ഉയർന്ന് 25,239ൽ എത്തി. എഫ്.എം.സി.ജി ഒഴികെയുള്ള മേഖലകൾ മികച്ച നേട്ടമുണ്ടാക്കി. ബാങ്കിംഗ് ഓഹരികളാണ് മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. ചെറുകിട, ഇടത്തരം ഓഹരികളിലും മികച്ച വാങ്ങൽ താത്പര്യം ദൃശ്യമായി. മുത്തൂറ്റ് ഫിനാൻസ് അടക്കമുള്ള സ്വർണ പണയ കമ്പനികളുടെ ഓഹരി വില കുതിച്ചുയരുകയാണ്.
രൂപ നില മെച്ചപ്പെടുത്തുന്നു
രാജ്യാന്തര വിപണിയിൽ ഡോളർ ദുർബലമായതോടെ രൂപയുടെ നില മെച്ചപ്പെട്ടു. ഡോളറിനെതിരെ രൂപ ഇന്നലെ എട്ടു പൈസയുടെ നേട്ടവുമായി 88.08ൽ വ്യാപാരം പൂർത്തിയാക്കി.