കേരളയിൽ സിൻഡിക്കേറ്റ് റൂം ഉപയോഗിക്കുന്നതിന് നിയന്ത്രണം

Wednesday 17 September 2025 12:00 AM IST

തിരുവനന്തപുരം:കേരള സർവ്വകലാശാല വി.സി ഡോ.മോഹനൻ കുന്നുമ്മലും സി.പി.എം സിൻഡിക്കേറ്റ് അംഗങ്ങളുമായുള്ള വിവാദങ്ങൾക്കിടെ, സിൻഡിക്കേറ്റ് യോഗങ്ങൾക്കും സ്ഥിരം സമിതി യോഗത്തിനും വി.സിയുടെ മുൻകൂർ അനുമതിയോടുകൂടി മാത്രമേ റൂം അനുവദിക്കാൻ പാടുള്ളൂവെന്ന് വി.സി രജിസ്ട്രാർക്ക് നിർദ്ദേശം നൽകി.

സിൻഡിക്കേറ്റിന്റെ പതിവ് സ്റ്റാൻഡിംഗ് കമ്മിറ്റികളും ഉപസമിതി യോഗങ്ങളും ഡീൻസ് റൂമിലോ ഐ.ക്യു.എ.സി കോൺഫറൻസ് ഹാളിലോ ചേരാം. സമിതി യോഗങ്ങൾ ചേരാതിരിക്കുമ്പോഴും സിൻഡിക്കേറ്റ് അംഗങ്ങൾ സിൻഡിക്കേറ്റ് റൂം ഉപയോഗിക്കുന്നതായും, വനിതകൾ അടക്കമുള്ള ഉദ്യോഗസ്ഥരെ നേരിട്ടു വിളിച്ച് നിർദ്ദേശങ്ങൾ നൽകുന്നതായും, നിർദ്ദേശങ്ങൾക്ക് വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തുന്നതായും ജീവനക്കാരുടെ സംഘടനകൾ പരാതി നൽകിയതിനെത്തുടർന്നാണ് റൂം അനുവദിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.

കേരള സർവകലാശാലയിൽ മാത്രമാണ് എല്ലാ സിൻഡിക്കേറ്റ് അംഗങ്ങൾക്കും ഗസ്റ്റ് ഹൗസിൽ പ്രത്യേക ഓഫീസ് റൂം അനുവദിച്ചിട്ടുള്ളത്. മറ്റ് സർവകലാശാലകളിൽ സിൻഡിക്കേറ്റ് യോഗത്തിൽ പങ്കെടുക്കാൻ എത്തിച്ചേരുമ്പോൾ മാത്രമാണ് യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസിൽ റൂം അനുവദിക്കുന്നത്. വി.സി യുടെ പുതിയ നിർദ്ദേശത്തോടുള്ള സിൻഡിക്കേറ്റ് അംഗങ്ങളുടെ പ്രതികരണം അറിവായിട്ടില്ല.