അതിദരിദ്രർക്ക് വീടും ഭൂമിയും വാങ്ങി നൽകാൻ പദ്ധതി

Wednesday 17 September 2025 12:00 AM IST

ആലപ്പുഴ: അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി വീടും വസ്തുവുമില്ലെന്ന് കണ്ടെത്തിയ 3613 അതിദരിദ്ര കുടുംബങ്ങൾക്ക് വീടുകൾ ഉൾപ്പെട്ട മൂന്ന് സെന്റിൽ കുറയാത്ത ഭൂമി വാങ്ങി നൽകുന്നതിന് പദ്ധതി. തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയുള്ളതാണ് പദ്ധതി.

താത്പര്യമുള്ളവർക്ക് 10 വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്ത വീടുകൾ ഉൾപ്പെട്ട ഭൂമി കണ്ടെത്താനാണ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ തദ്ദേശ സ്ഥാപനങ്ങളോട് അറിയിച്ചിട്ടുള്ളത്. പരമാവധി 6 ലക്ഷം രൂപ ഗ്രാമപഞ്ചായത്തിലും 6.70 ലക്ഷം രൂപ മുനിസിപ്പാലിറ്റിയിലും 9.25 ലക്ഷം രൂപ കോർപ്പറേഷൻ പ്രദേശത്തും അനുവദിക്കാമെന്നാണ് നിർദ്ദേശം.

ഗുണഭോക്താവ് ഉൾപ്പെട്ട തദ്ദേശസ്ഥാപനത്തിൽ വീടും സ്ഥലവും കണ്ടെത്താനായില്ലെങ്കിൽ തൊട്ടടുത്ത തദ്ദേശസ്ഥാപന പരിധിയിൽ കണ്ടെത്താം. ഗുണഭോക്താക്കൾ ലൈഫ് മിഷന്റെ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നിലവി‌ലെ രീതിയിൽ ലൈഫ് മിഷനും തദ്ദേശസ്ഥാപനങ്ങളും വീടോട് കൂടിയ സ്ഥലത്തിന് വിഹിതം അനുവദിച്ചശേഷം ലൈഫ് പദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

വീട് 400 ചതുരശ്ര അടിയിൽ കുറയരുത്

കുറഞ്ഞത് 400 ചതുരശ്ര അടിയിൽ (37.16 ചതുരശ്ര മീറ്റർ) തറ വിസ്തീർണ്ണമുള്ള വീടുള്ള വസ്തുവാങ്ങണം

വസ്തുവിലേക്ക് വഴി വേണം. വെള്ളക്കെട്ടോ ചതുപ്പോ ആകരുത്.

അടുക്കള,ഡ്രോയിംഗ് കം ഡൈനിംഗ് റൂം,രണ്ട് കിടപ്പുമുറി,സെപ്റ്റിക് ടാങ്ക് ഉള്ള ടോയ്ലറ്റ് എന്നിവ ഉണ്ടായിരിക്കണം.

മുൻ-പിൻ വാതിലുകൾ,പ്ലംബിംഗ്,വയറിംഗ്,ഫ്ലോറിംഗ് എന്നിവ നിർബന്ധം

ലൈഫ് ഭവന പദ്ധതി മാർഗരേഖയിലെ എല്ലാ സൗകര്യങ്ങളും നിർവഹണ ഉദ്യോഗസ്ഥൻ ഉറപ്പാക്കണം

വീടിന്റെ മേൽക്കൂര കോൺക്രീറ്റോ ഗാൽവനൈസ്‌ഡ്‌ സ്റ്റീലിലോ,തടിയിലോ തീർത്ത ഫ്രൈയിമിൽ ഓട് പാകിയതോ ആയിരിക്കണം.

തദ്ദേശ സ്ഥാപനം കെട്ടിട നമ്പർ അനുവദിച്ചതായിരിക്കണം. വീട് വാസയോഗ്യമാണെന്ന എൻജിനിയറുടെ സാക്ഷ്യപത്രവും വേണം.

'' പദ്ധതി നടത്തിപ്പിനുള്ള മാർഗനിർദ്ദേശം തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറി. അതിദരിദ്ര വിഭാഗത്തിൽ

വീടില്ലാത്ത മുഴുവൻ പേർക്കും നവംബറിന് മുമ്പ് ഭൂമിയും വീടും ഉറപ്പാക്കുകയാണ് ലക്ഷ്യം''

തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടറേറ്റ്