അധിക ഭൂമി: അവകാശം ക്രമപ്പെടുത്തൽ ബിൽ നടപ്പ് സമ്മേളനത്തിൽ

Wednesday 17 September 2025 12:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിറ്റൽ റീസർവെ പൂർത്തിയായ വില്ലേജുകളിൽ വ്യക്തികളുടെ കൈവശത്തിലും അനുഭവത്തിലുമുള്ള അധിക ഭൂമിക്ക് കരം ഈടാക്കി ഉടമസ്ഥാവകാശം നൽകാനുള്ള ബിൽ ഈ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും.

കേസുകളിൽപ്പെടാത്ത അധിക ഭൂമിക്ക് ഉടമസ്ഥതയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

ഇതിന് കൈവശക്കാരൻ പ്രത്യേക അപേക്ഷ സമർപ്പിക്കണം. ഡിജിറ്റൽ റീസർവെയിൽ അധിക ഭൂമി ബോദ്ധ്യപ്പെടണം.ഉടമസ്ഥാവകാശ രേഖയായി ആധാരം, ഡിക്രി, സെറ്റിൽമെന്റ് രജിസ്റ്റർ എന്നിവയാണ് പരിഗണിക്കുക. ഉടമസ്ഥാവകാശ സാക്ഷ്യപത്രത്തിന്റെ പകർപ്പ് റവന്യൂ വകുപ്പിന്റെ ഡിജിറ്റൽ ഡാറ്റാ ബേസിൽ സൂക്ഷിക്കും.ഡിജിറ്റൽ റീസർവെ പൂർത്തിയാവുമ്പോൾ അതൊരു കുറ്റമറ്റ ആധികാരിക രേഖയായി മാറിയാൽ പൗരന്മാർക്കുള്ള സേവനങ്ങൾ കൂടുതൽ വേഗത്തിലും കൃത്യതയിലുമാവും. ഭൂമി സംബന്ധമായ അനാവശ്യ തർക്കങ്ങളും ഒഴിവാകും.

സർക്കാർ ഭൂമിയിൽ

വിസ്തീർണക്കുറവ് പാടില്ല

അധിക ഭൂമിക്ക് അവകാശമുന്നയിക്കുന്ന വ്യക്തിയുടെ കൈവശ ഭൂമിയോട് ചേർന്നുള്ള സർക്കാർ ഭൂമിയുടെ വിസ്തീർണത്തിൽ കുറവുണ്ടെങ്കിൽ

സാക്ഷ്യപത്രം അനുവദിക്കില്ല.അധിക ഭൂമി ക്രമവത്കരിക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തർക്കങ്ങളുണ്ടായാൽ അത് പരിഹരിച്ച ശേഷമേ സാക്ഷ്യപത്രം നൽകൂ. .സർക്കാരിന് വിജ്ഞാപനം വഴി ഈ നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കാൻ മുൻകാല പ്രാബല്യത്തോടെയോ പിൻകാല പ്രാബല്യത്തോടെയോ ചട്ടങ്ങളുണ്ടാക്കാമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്..