9, 11 ക്ലാസ് രജിസ്‌ട്രേഷന് മാർഗ്ഗരേഖ പുറത്തിറക്കി സി.ബി.എസ്.ഇ
ന്യൂഡൽഹി: 2025-16 അദ്ധ്യയനവർഷം 9, 11 ക്ലാസ് വിദ്യാർത്ഥികളുടെ രജിസ്‌ട്രേഷന് സി.ബി.എസ്.ഇ സമഗ്ര മാർഗ്ഗരേഖ പുറത്തിറക്കി. ദേശീയ വിദ്യാഭ്യാസ നയത്തിന് (എൻ.ഇ.പി) കീഴിലുള്ള ബോർഡ് പരീക്ഷകൾക്ക് തയ്യാറാക്കുന്നതിനും വിദ്യാർത്ഥികളുടെ രേഖകൾ സുതാര്യമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള മാറ്റങ്ങളാണ് മാർഗ്ഗരേഖയിലുള്ളത്. സി.ബി.എസ്.ഇയുടെ പരീക്ഷാസംഗം പോർട്ടൽ വഴിയാണ് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടത്. ദേശീയ വിദ്യാഭ്യാസനയം അനുസരിച്ച് 2026 മുതൽ 10-ാം ക്ലാസിൽ രണ്ട് തവണ ബോർഡ് പരീക്ഷ നടത്തും. ഫെബ്രുവരിയിലും മേയിലുമാണിത്. ദേശീയ, അന്തർദ്ദേശീയ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് അവസരം നൽകുന്നത് കൂടി പരിഗണിച്ചാണ് രണ്ട് തവണയായുള്ള പരീക്ഷ. 10, 12 ബോർഡ് പരീക്ഷയ്ക്ക് അധികവിഷയം എഴുതണമെങ്കിൽ 2 വർഷം തുടർച്ചയായി ആ വിഷയം പഠിക്കണം. ഈ രണ്ട് ക്ലാസിലും ബോർഡ് പരീക്ഷയിൽ അധികവിഷയങ്ങൾ എഴുതുകയും കംപാർട്ട്‌മെന്റ്, റിപ്പീറ്റ് വിഭാഗത്തിൽ ഉൾപ്പെടുകയും ചെയ്തവർക്ക് മാത്രമേ പ്രൈവറ്റ് രജിസ്‌ട്രേഷനായി അധികവിഷയങ്ങൾ എഴുതാൻ സാധിക്കൂ. അധികവിഷയം പഠിപ്പിക്കാൻ സ്‌കൂളുകളിൽ അദ്ധ്യാപകരും ഉണ്ടായിരിക്കണം. ഇത്തവണ ബോർഡ് പരീക്ഷയ്ക്ക് പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർത്ഥികൾക്ക് അധികവിഷയങ്ങൾ ഉൾപ്പെടുത്താൻ സാധിക്കുന്നില്ലെന്ന് പരാതി ഉയർന്നതിന് പിന്നാലെയാണ് സി.ബി.എസ്.ഇയുടെ വിശദീകരണം. 10ൽ നിർബന്ധമായ 5 വിഷയത്തിനൊപ്പം അധികമായി 2 വിഷയങ്ങളിലും പരീക്ഷയെഴുതാൻ അവസരമുണ്ട്. 12ൽ ഒരു അധികവിഷയമാണ് എഴുതാനാവുക. 12ൽ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ മാത്രം പഠിക്കുകയും കണക്ക് പഠിക്കാതിരിക്കുകയും ചെയ്ത വിദ്യാർത്ഥികൾക്ക് അധികവിഷയമായി ഇത് രജിസ്റ്റർചെയ്ത് പരീക്ഷയെഴുതാൻ സാധിച്ചിരുന്നു. സയൻസ് പഠിക്കുന്നവർക്ക് മറ്റു വിഷയങ്ങളിൽ ഉപരിപഠനത്തിന് പോകാൻ ഇതൊരു മാർഗ്ഗമായിരുന്നു. റിപ്പീറ്റ് വിഭാഗത്തിലുള്ളവർ വിഷയം വീണ്ടും എഴുതാനും ഈ രീതി ഉപയോഗിച്ചിരുന്നു.
പുതിയ നിർദ്ദേശങ്ങൾ
- അപാർ ഐഡി: എല്ലാ വിദ്യാർത്ഥികളുടെയും റജിസ്‌ട്രേഷൻ അപാർ (ഓട്ടോമേറ്റഡ് പെർമനന്റ് അക്കാഡമിക് അക്കൗണ്ട് രജിസ്ട്രി) ഐഡിയുമായി ബന്ധിപ്പിക്കണം. 'ഒരു രാജ്യം, ഒരു വിദ്യാർത്ഥി തിരിച്ചറിയൽ' പദ്ധതിയുടെ ഭാഗമാണിത്.
- പരീക്ഷാ സംഗം പോർട്ടൽ: 9, 11 ക്ലാസ് വിദ്യാർത്ഥികളുടെ രജിസ്‌ട്രേഷൻ സി.ബി.എസ്.ഇ പരീക്ഷാസംഗം ലിങ്ക് വഴി ചെയ്യണം.
- രജിസ്‌ട്രേഷൻ പൂർത്തിയായാൽ ഓരോ വിദ്യാർത്ഥിക്കും സ്‌കൂളുകൾ വെരിഫിക്കേഷൻ സ്ലിപ് സൃഷ്ടിക്കും. തിരുത്തലുകളുണ്ടെങ്കിൽ കറക്ഷൻ വിൻഡോ വഴി ചെയ്യാം. 2025-26 വർഷത്തേക്കുള്ള കറക്ഷൻ വിൻഡോ 2025 നവംബർ 14 മുതൽ 28 വരെ തുറന്നിരിക്കും. അതിനുശേഷം തിരുത്തലുകൾ വരുത്താനാകില്ല.
- വിദ്യാർത്ഥികളുടെയോ രക്ഷിതാക്കളുടെയോ അദ്ധ്യാപകരുടെയോ പേരുകളിൽ ചുരുക്കരൂപങ്ങൾ ഉപയോഗിക്കരുത്.
- 9, 11 ക്ലാസുകളിൽ ശരിയായ രജിസ്‌ട്രേഷൻ ചെയ്തവർക്ക് മാത്രമേ 2026-27 വർഷം 10, 12 ക്ലാസ് ബോർഡ് പരീക്ഷ എഴുതാനാകൂ.