ബി.ജെ.പി മാർച്ചിൽ സംഘ‌ർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

Wednesday 17 September 2025 12:05 AM IST
പി​ണ​റാ​യി​ ​ഭ​ര​ണ​ത്തി​ലെ​ ​പൊ​ലീ​സ് ​ക്രൂ​ര​ത​യ്ക്കും​ ​അ​നാ​സ്ഥ​യ്ക്കു​മെ​തി​രെ​ ​ക​മ്മി​ഷ​ണ​ർ​ ​ഓ​ഫീ​സി​ലേ​ക്ക് ​ബി.​ജെ.​പി​ ​ന​ട​ത്തി​യ​ ​മാ​ർ​ച്ചി​ന് ​നേ​രെ​ ​പൊ​ലീ​സ് ​ജ​ല​പീ​ര​ങ്കി​ ​പ്ര​യോ​ഗി​ച്ച​പ്പോൾ കെ.​വി​ശ്വ​ജി​ത്ത്

കോഴിക്കോട്: ബി.ജെ.പി കോഴിക്കോട് സിറ്റി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് സിറ്റി കമ്മിഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. സമരക്കാർ ബാരിക്കേ‌ഡ് തള്ളിമാറ്റാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാർ പിരിഞ്ഞുപോവാൻ കൂട്ടാക്കാതെ വന്നപ്പോൾ മൂന്ന് തവണയാണ് ജലപീരങ്കി പ്രയോഗിച്ചത്. 12 മണിയോടെ മാനാഞ്ചിറ എൽ.ഐ.സി ഓഫീസിന് മുമ്പിൽ ബാരിക്കേഡ് വെച്ച് പൊലീസ് തടയുകയായിരുന്നു. മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർ പൊലീസിനെതിരെ മുദ്രാവാക്യം മുഴക്കുകയും ബാരിക്കേഡ് തകർക്കാൻ ശ്രമിക്കുകയും ചെയ്തപ്പോഴാണ് സംഘർഷമുണ്ടായത്.

കേരളത്തിലേത് ജനമൈത്രിയല്ല, ജനദ്രോഹ പൊലീസ്: സി.കെ പദ്മനാഭൻ

കേരളത്തിലെ പൊലീസ് ജനമൈത്രിയല്ല ജനദ്രോഹമാണെന്ന് ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ സി.കെ പദ്മനാഭൻ. കേരളത്തിലെ പൊലീസ് അതിക്രമത്തിനെതിരെ ബി.ജെ.പി കോഴിക്കോട് സിറ്റി ജില്ലാ കമ്മിറ്റി നടത്തിയ കമ്മിഷണർ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്റ്റേഷനിൽ വെച്ച് ഒരു യുവാവിനെ ക്രൂരമായി തല്ലിചതച്ച സംഭവമുണ്ടായപ്പോൾ കേരളം കത്തേണ്ട സമരമുണ്ടാവേണ്ടതായിരുന്നു. സംഭവം രണ്ട് വർഷം മുമ്പ് നടന്നതാണെന്നത് ഒരു ന്യായീകരണമല്ല. ഇത്തരം കാടത്തം എപ്പോൾ പുറത്തുവന്നാലും ശക്തമായ നടപടിയെടുക്കാൻ ഭരണകൂടം തയ്യാറാവണം. ബി.ജെ.പി പ്രവർത്തകനോടാണ് പൊലീസ് ഇത് കാണിച്ചിരുന്നതെങ്കിൽ അത് എങ്ങനെയാണ് ഞങ്ങൾ കൈകാര്യം ചെയ്യുകയെന്ന് പൊലീസിനറിയാം. ഈ നീതികേടിനെതിരെ ബി.ജെ.പി ശക്തമായി പോരാടും. അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് കേരളത്തിലുള്ളത്. മനുഷ്യത്വമുള്ള പൊലീസുകാർ സംസ്ഥാനത്തുണ്ട്. എന്നാൽ ചിലർ അവർക്ക് പേരുദോഷമുണ്ടാക്കുകയാണെന്നും സികെ പദ്മനാഭൻ പറഞ്ഞു. സിറ്റി ജില്ലാ അദ്ധ്യക്ഷൻ കെ.പി പ്രകാശ് ബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാദ്ധ്യക്ഷൻ വി.ഉണ്ണികൃഷ്ണൻ, മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസ്, ജില്ലാ ജനറൽസെക്രട്ടറിമാരായ ടി.വി ഉണ്ണികൃഷ്ണൻ, രമ്യ മുരളി, എം.സുരേഷ് എന്നിവർ പ്രസംഗിച്ചു.