അമീബിക് മസ്തകിഷ്കജ്വരം: കരുതലിന് വേഗത പോരാ....
കോഴിക്കോട്: അമീബിക് മസ്തിഷ്കജ്വരത്തെ പ്രതിരോധിക്കാൻ ആരോഗ്യവകുപ്പ് തുനിഞ്ഞിറങ്ങിയെങ്കിലും വേഗത തീരെയില്ല. തദ്ദേശസ്ഥാപനങ്ങൾ, ഹരിതകേരളം മിഷൻ, ജലവിഭവ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ മാസ് ക്ലോറിനേഷൻ നടത്താനാണ് പദ്ധതിയിട്ടത്. ആദ്യഘട്ടമായി കഴിഞ്ഞ മാസാവസാനം വീടുകളിലെയും സ്ഥാപനങ്ങളിലെയും കിണറുകൾ ക്ലോറിനേറ്റ് ചെയ്തെങ്കിലും പിന്നീട് ഒച്ചിഴയുന്ന വേഗതയാണ്. പലയിടത്തും ഇതുവരെ ക്ലോറിനേഷൻ നടന്നിട്ടില്ല. കിണറുകൾക്ക് പുറമെ ജലസംഭരണ ടാങ്കുകൾ തേച്ച് കഴുകുക, വീടുകൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, ഫ്ലാറ്റുകൾ തുടങ്ങിയവയുടെ ടാങ്കുകൾ, പൊതുകുളങ്ങൾ, എന്നിവയെല്ലാം വൃത്തിയാക്കാൻ ആളും സമയവുമില്ലെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജലസ്രോതസുകളിലും മറ്റും അടിഞ്ഞുകൂടിയ പായലും മാലിന്യങ്ങളും നീക്കം ചെയ്യാൻ നിർദ്ദേശമുണ്ടെങ്കിലും ആരും തിരിഞ്ഞുനോക്കിയ മട്ടില്ല.
ഒച്ചിഴയും വേഗത
ജനകീയ ആരോഗ്യകേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് ഓരോ വാർഡുകളിലും പ്രദേശത്തെ മെമ്പർമാർ, ആശവർക്കർമാർ, ഹരിതകർമസേനാംഗങ്ങൾ, എൻ.എച്ച്.എം വൊളന്റിയർമാർ, മറ്റു വൊളന്റിയർമാർ തുടങ്ങിയവരുടെ സഹായത്തോടെ ക്ലോറിനേഷൻ നടത്താനാണ് നിർദ്ദേശം. ഒപ്പം ബോധവത്കരണം നൽകുകയും വേണം. എന്നാൽ ഒരു വാർഡിൽ തന്നെ ആയിരത്തിലധികം കിണറുകളും കുളങ്ങളുമുള്ലതിനാൽ ഇവ ക്ലീൻ ചെയ്യാൻ സമയമെടുക്കും. കുടുംബശ്രീ പ്രവര്‍ത്തകരെ കൂടി ഉള്‍പ്പെടുത്തി ക്ലോറിനേഷന്‍ വേഗത്തിലാക്കാന്‍ ശ്രമമുണ്ടെങ്കിലും ഫലപ്രദമല്ല. പലയിടങ്ങളിലും ആശാവർക്കർമാർ മാത്രമാണ് ക്ലോറിനേഷൻ നടത്തുന്നത്. പഞ്ചായത്തുകളില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ രസതന്ത്ര ലാബിനോട് ചേര്‍ന്ന് ഹരിതകേരളം മിഷന്‍ സജ്ജമാക്കിയ ജല ഗുണനിലവാര പരിശോധനാ സംവിധാനം ഉപയോഗിച്ച് ജലപരിശോധന സംഘടിപ്പിക്കാനും നിര്‍ദേശമുണ്ട്. പക്ഷേ ഇതിനാവശ്യമായ ഫണ്ട് ലഭിച്ചിട്ടില്ലാത്തതിനാൽ ഹരിതകേരളം മിഷന്‍ പദ്ധതിയാരംഭിച്ചിട്ടില്ല. ജില്ലാ പഞ്ചായത്ത് രണ്ട് ലക്ഷം രൂപ നീക്കി വച്ചിട്ടുണ്ടെങ്കിലും ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു.
താത്പര്യക്കുറവ് കാണിക്കല്ലേ
നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ, വെർമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്ക ജ്വരം ഉണ്ടാകുന്നത്. കുളിക്കുമ്പോഴും നീന്തുമ്പോഴുമെല്ലാം വെള്ളത്തിലൂടെ അമീബ മൂക്കില്‍ പ്രവേശിക്കുന്നതാണ് അപകടകരം. ഇവയുടെ സാന്നിദ്ധ്യം കിണറ്റിലും ഉണ്ടാകാനിടയുണ്ട്. വെള്ളത്തിലെ അമീബയെ നശിപ്പിക്കാന്‍ ക്ലോറിനേഷന്‍ ഫലപ്രദമാണ്. അതിനാല്‍ കിണര്‍ വെള്ളം നിര്‍ബന്ധമായും ക്ലോറിനേറ്റ് ചെയ്യണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
ശ്രദ്ധ വേണം
@ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ തല മുങ്ങി കുളിക്കുന്നതും വെള്ളത്തിലേക്ക് മുങ്ങാം കുഴി ഇടുന്നതും ഒഴിവാക്കുക
@ നീന്തുന്നവരും നീന്തൽ പഠിക്കുന്നവരും മൂക്കിൽ വെള്ളം കടക്കാതിരിക്കാൻ നോസ് ക്ലിപ്പ് ഉപയോഗിക്കുക
@ മലിനമായതും കെട്ടിക്കിടക്കുന്നതുമായ വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും പൂർണ്ണമായും ഒഴിവാക്കുക.
@ നീന്തൽ കുളങ്ങൾ വൃത്തിയായി സൂക്ഷിക്കുക
@ ജല സംഭരണികളും വലിയ ടാങ്കുകളും തേച്ച് വൃത്തിയാക്കണം.
''മുനിസിപ്പാലിറ്റികളിലും നഗരസഭകളിലുമെല്ലാം മാസ് ക്ലോറിനേഷൻ ആരംഭിച്ചു കഴിഞ്ഞു. വരും ദിവസങ്ങളിലും പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും'' ഡോ.അഖിലേഷ്, ഡി.എം.ഒ ആർദ്രം മിഷൻ