1.8 കോടി രൂപയുടെ ഓൺലൈൻ തട്ടിപ്പ്: യുവാക്കൾ അറസ്റ്റിൽ
കൊച്ചി: തിരുവാങ്കുളം ചിത്രപ്പുഴ സ്വദേശിയുടെ 1.8 കോടി രൂപ നഷ്ടമായ ഓൺലൈൻ തട്ടിപ്പ് കേസിൽ യുവാക്കൾ അറസ്റ്റിൽ. വാഹനഷോറൂം ടെക്നീഷ്യനായ പോത്താനിക്കാട് സ്വദേശി ആദിൽ മീരാൻ (23), ഇടുക്കി തൊടുപുഴ വണ്ണപ്പുറം സ്വദേശിയായ മുഹമ്മദ് യാസിൻ (24) എന്നിവരാണ് ഹിൽപാലസ് പൊലീസിന്റെ പിടിയിലായത്.
ജനുവരി 25 മുതൽ ജൂലായ് 17 വരെ വിവിധ കാലയളവുകളിലായിട്ടാണ് തിരുവാങ്കുളം സ്വദേശിയായ കോൺട്രാക്ടർക്ക് പണം നഷ്ടമായത്. ഓൺലൈൻ ഓഹരി ഇടപാടിൽ പണം നിക്ഷേപിച്ചാൽ വൻ തുക ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ചാണ് വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ പണം കൈക്കലാക്കിയത്.
ആദിലിന്റെ അക്കൗണ്ടിലേക്കാണ് തുകയിൽ നല്ലൊരു ഭാഗവും പോയത്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണമാണ് പ്രതികളെ തിരിച്ചറിയാൻ സഹായിച്ചത്. ആദിലിന്റെ അക്കൗണ്ടിൽ 3.5 കോടി രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തി. ഇയാൾക്ക് അക്കൗണ്ട് തുറക്കുന്നതിന് ഉൾപ്പെടെ സഹായങ്ങൾ നൽകിയത് യാസിനാണ്. ഇരുവരും ഓൺലൈൻ തട്ടിപ്പിലെ രണ്ടാംനിര കണ്ണികളാണെന്നും കൂടുതൽ പേർക്ക് തട്ടിപ്പുമായി ബന്ധമുണ്ടെന്നും പൊലീസ് അറിയിച്ചു.