പിതാവ് മരിച്ചതിന് പിറ്റേന്ന് ജന്മദിനം,​ പിറന്നാൾ സമ്മാനം കണ്ട് കണ്ണു നിറഞ്ഞ് നവ്നൂർ സിംഗ്

Tuesday 16 September 2025 10:47 PM IST

ന്യൂഡൽഹി: നവ്നൂർ സിംഗിന്റെ ഏറ്റവും ദുഃഖകരമായ പിറന്നാളായിരുന്നു ഇന്ന്. രംഗബോധമില്ലാത്ത കോമാളിയായി മരണം കടന്നുവന്നപ്പോൾ നവ്നൂർ സിംഗിന് നഷ്ടമായത് പ്രിയപ്പെട്ട അച്ഛനെ. ഡൽഹി കന്റോൺമെന്റ് മെട്രോസ്റ്റേഷനു സമീപം ഇന്നലെയുണ്ടായ വാഹനാപകടത്തിൽ ആണ് പിതാവ് നവ്ജ്യോത് സിംഗിനെ നവ്നൂറിന് നഷ്ടപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അമ്മ സന്ദീപ് കൗർ ചികിത്സയിലാണ്. മരണത്തിന്റെ പിറ്റേന്ന് തന്റെ ജൻമദിനത്തിൽ നൽകാൻ അച്ഛൻ കരുതിവെച്ച സമ്മാനപ്പൊതി കാണുമ്പോൾ നവ്നൂർ തളരുകയാണ് . കാരണം അച്ഛനെ സംസ്കരിക്കുന്ന ദിവസത്തിലാണ് അവനാ സമ്മാനം സ്വീകരിക്കുന്നത്.

നവ്ജ്യോത് സിംഗിന് ആളുകളെ സർപ്രൈസ് ചെയ്യുന്നത് വളരെ ഇഷ്ട്മായിരുന്നെന്ന് സുഹൃത്തുക്കൾ പറയുന്നു.അദ്ദേഹത്തിന്റെ അവസാന സർപ്രൈസ് മകനുവേണ്ടിയായിരുന്നു. അച്ഛൻ മകനുവേണ്ടി കാത്തുവെച്ചത് അവൻ ഒരിക്കൽ പാചകം ഇഷ്ടമാണെന്നു പറ‌ഞ്ഞപ്പോൾ നൽകാൻ കൊതിച്ച എയർഫ്രയറും പിന്നെയൊരു ഷർട്ടും! -

ഇന്നലെയാണ് കേന്ദ്ര ധനമന്ത്രിയുടെ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന 52 കാരനായ നവ്ജ്യോത് സിംഗ് ഭാര്യ സന്ദീപിനൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോൾ അമിത വേഗതയിൽ എത്തിയ ബി.എം.ഡബ്ല്യ കാർ വാഹനത്തിൽ ഇടിച്ചത്. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും നവ്ജ്യോതിന്റെ ജീവൻ രക്ഷിക്കാനായില്ല. കാറോടിച്ച ഗഗൻ പ്രീത് കൗർ ഭർത്താവ് പരീക്ഷിത്ത് എന്നിവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യ, അശ്രദ്ധമായി വാഹനമോടിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്ത് ‌ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.