പാകിസ്ഥാന്റെ പരാതി ചവറ്റുകുട്ടയിൽ
ഇന്ത്യയ്ക്കെതിരായ പാകിസ്ഥാന്റെ പരാതി ഐ.സി.സി തള്ളി, ബഹിഷ്കരണഭീഷണി ഓലപ്പാമ്പായി മാറിയേക്കും
ദുബായ് : ഇന്ത്യൻ താരങ്ങൾക്ക് ഷേക് ഹാൻഡ് നൽകരുതെന്ന് നിർദേശം നൽകിയ മാച്ച് റഫറി ആൻഡി പൈക്രോഫ്ടിനെ മാറ്റണമെന്ന പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ പരാതി ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിൽ തള്ളി. മാച്ച് റഫറിയെ മാറ്റിയില്ലെങ്കിൽ ടൂർണമെന്റ് ബഹിഷ്കരിക്കുമെന്ന് പി.സി.ബി ഭീഷണി മുഴക്കിയിരുന്നെങ്കിലും അത്തരത്തിലേക്ക് ഒരു നടപടിയിലേക്ക് അവർ പോകില്ലെന്നാണ് അറിയുന്നത്. ബഹിഷ്കരിച്ചാൽ കനത്ത പിഴയും വിലക്കും ചുമത്തുമെന്ന് ജയ് ഷാ ചെയർമാനായ ഐ.സി.സി പാക് ബോർഡിന് മുന്നറിയിപ്പ് നൽകിയെന്നാണ് വിവരം. നിലവിലെ സാമ്പത്തികസ്ഥിതിയിൽ ഇത് പി.സി.ബിക്ക് താങ്ങാൻ കഴിയില്ല. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ കൂടിയായ പാക് ബോർഡ് ചെയർമാൻ നഖ്‌വിക്ക് ഇത്തരത്തിലൊരു തീരുമാനത്തെ പിന്തുണയ്ക്കുന്നതിൽ സാങ്കേതിക ബുദ്ധിമുട്ടുകളുമുണ്ട്.
കഴിഞ്ഞ ദിവസം ഏഷ്യാകപ്പിൽ ഗ്രൂപ്പ് റൗണ്ട് മത്സരത്തിൽ ഏഴുവിക്കറ്റിന് തോൽപ്പിച്ചശേഷം ഇന്ത്യൻ താരങ്ങൾ പാക് ടീമംഗങ്ങളുമായി ഔപചാരിക ഹസ്തദാനത്തിന് നിൽക്കാതെ മടങ്ങിയതാണ് വിവാദമായത്. ടൂർണമെന്റിന് മുമ്പുള്ള ക്യാപ്ടന്മാരുടെ പത്രസമ്മേളനവേദിയിലും മത്സരത്തിന് മുമ്പ് ടോസിംഗ് വേളയിലും ഇന്ത്യ- പാക് ക്യാപ്ടന്മാർ ഷേക് ഹാൻഡ് ഒഴിവാക്കിയിരുന്നു. അതിന് പിന്നാലെയാണ് മത്സരം കഴിഞ്ഞ് ഷേക് ഹാൻഡിന് കാത്തുനിൽക്കാതെ സൂര്യ കുമാർ യാദവും ശിവം ദുബെയും ഡ്രെസിംഗ് റൂമിലേക്ക് പോയത്. ഇവർ ഷേക് ഹാൻഡിനായി മടങ്ങിയെത്തുമെന്ന് കരുതി ഗ്രൗണ്ടിൽ നിന്ന പാക് ടീമംഗങ്ങളെ ഇളിഭ്യരാക്കി ഡ്രെസിംഗ് റൂമിന്റെ വാതിലടയ്ക്കുകയും ചെയ്യു. പിന്നീട് സമ്മാനദാനച്ചടങ്ങിനായെത്തിയപ്പോൾ സൂര്യകുമാർ യാദവ് തങ്ങളുടെ പ്രവൃത്തിയെ ന്യായീകരിച്ചു. തങ്ങൾ ക്രിക്കറ്റ് കളിക്കാനായി മാത്രമാണ് എത്തിയതെന്നും ജീവിതത്തിലെ ചില കാര്യങ്ങൾ സ്പോർട്സ്മാൻ സ്പിരിറ്റിനേക്കാൾ വലുതാണെന്നും സൂര്യ പറഞ്ഞു. ഇതിനുപിന്നാലെയാണ് ഇന്ത്യൻ ടീം തങ്ങളെ അപമാനിച്ചുവെന്ന പരാതിയുമായി പാക് ക്രിക്കറ്റ് ബോർഡ് രംഗത്തെത്തിയത്.
പാകിസ്ഥാൻ ഇന്ന് യു.എ.ഇയുമായി;
ജയിച്ചാൽ വീണ്ടും ഇന്ത്യയുമായി
പാകിസ്ഥാൻ ഏഷ്യാകപ്പ് ഗ്രൂപ്പ് എയിലെ നിർണായകമത്സത്തിൽ ഇന്ന് യു.എ.ഇയെ നേരിടും. ഈ കളി ജയിച്ചാൽ അവർക്ക് സൂപ്പർ ഫോർ റൗണ്ടിലെത്താം. ഇന്ത്യ നേരത്തേ സൂപ്പർ ഫോറിലെത്തിക്കഴിഞ്ഞു. സൂപ്പർ ഫോർ റൗണ്ടിൽ ഇന്ത്യയും പാകിസ്ഥാനും വീണ്ടും ഏറ്റുമുട്ടേണ്ടിവരും. ഇന്ത്യയോട് തോറ്റ യു.എ.ഇ കഴിഞ്ഞ ദിവസം ഒമാനെ തോൽപ്പിച്ചിരുന്നു. പാകിസ്ഥാനെ അട്ടിമറിച്ചാൽ അവർക്ക് സൂപ്പർ ഫോറിലെത്താം.
പാകിസ്ഥാൻ Vs യു.എ.ഇ
8 pm മുതൽ സോണി ടെൻ സ്പോർട്സിലും
സോണി ലിവ് ആപ്പിലും