റാന്നി മിനി സിവിൽ സ്റ്റേഷൻ പരിസരത്തെ തെരുവുനായ്ക്കൾക്ക് കുത്തിവയ്പ്പ്

Wednesday 17 September 2025 12:19 AM IST

റാന്നി : മിനി സിവിൽ സ്റ്റേഷൻ പരിസരത്തെ തെരുവുനായ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താനാകാത്ത അധികൃതർ നായകൾക്ക് പേവിഷ പ്രതിരോധത്തിനുള്ള കുത്തിവയ്പ് നൽകി തടിതപ്പി. ഇരുപതോളം തെരുവുനായകളാണ് ജീവനക്കാർക്കും നാട്ടുകാർക്കും ഭീഷണിയായത്. താലൂക്ക് ഓഫീസ്, കോടതി, അഗ്നിരക്ഷാസേന, രജിസ്ട്രാർ ഓഫീസ് തുടങ്ങിയ പ്രധാന സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടസമുച്ചയത്തിന്റെ പരിസരത്ത് അലഞ്ഞുതിരിയുന്ന നായകൾക്ക് പേവിഷബാധയ്‌ക്കെതിരെയുള്ള കുത്തിവയ്പ്പ് നൽകുന്ന നടപടികളാണ് റാന്നി പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്നത്.

കഴിഞ്ഞ കുറച്ചു മാസങ്ങളായി സിവിൽ സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങൾക്കും ജീവനക്കാർക്കും തെരുവുനായ്ക്കളുടെ ശല്യം വലിയ ബുദ്ധിമുട്ടായിരുന്നു. രാവിലെ ജോലിക്കെത്തുന്ന സ്ത്രീകളടക്കമുള്ള ജീവനക്കാർ നായകളെ ഭയന്നാണ് ദിവസവും ഓഫീസിലെത്തിയിരുന്നത്. കോടതി വരാന്തകളിലും വാഹനങ്ങൾക്കടിയിലും നായകൾ താവളമാക്കിയത് ആളുകളിൽ ഭീതിയുണ്ടാക്കിയിരുന്നു.

രണ്ടു മാസങ്ങൾക്ക് മുമ്പ്, സപ്ലൈഓഫീസിലെത്തിയ മക്കപ്പുഴ സ്വദേശിനി ശാന്തമ്മ (70), റാന്നി മുൻസിഫ് കോടതിയിൽ നിന്ന് പുറത്തിറങ്ങിയ അഭിഭാഷകയായ തുലാപ്പള്ളി സ്വദേശിനി നിമ്മി ആനി തോമസ് (28) എന്നിവർക്ക് തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.

നായകൾക്ക് കുത്തിവയ്പ്പ് നൽകിയതുകൊണ്ട് ജനങ്ങൾക്ക് കടിയേക്കാതെ ഇരിക്കുന്നില്ല. തെരുവുനായ ആക്രമണത്തിന് ശ്വാശ്വത പരിഹാരമാണ് വേണ്ടത്.

സുമേഷ്, റാന്നി സ്വദേശി