ഫെയ്‌ത്ത് , അതല്ലേ എല്ലാം...
ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ 1500 മീറ്ററിൽ ഫെയ‌്ത്ത് കിപ്ഗിയോണിന് നാലാം സ്വർണം
ടോക്യാ : ലോക അത്‌ലറ്റിക്സിൽ വനിതകളുടെ 1500 മീറ്ററിൽ കെനിയൻ ഓട്ടക്കാരി ഫെയ്‌ത്ത് കിപ്ഗിയോൺ മത്സരിക്കാനിറങ്ങുമ്പോൾ ആരാധകർക്ക് ഒരു വിശ്വാസമുണ്ട്; സ്വർണം മറ്റാരും കൊണ്ടുപോകില്ലെന്ന്. ഇന്നലെ ടോക്യോയിലും ഫെയ്ത്ത് തന്നിലുള്ള വിശ്വാസം കാത്തു. ലോക ചാമ്പ്യൻഷിപ്പുകളിലെ 1500 മീറ്ററിലെ തന്റെ നാലാം സ്വർണം കൊത്തിയെടുത്താണ് ടോക്യോയിലെ ഫെയ്‌ത്തിന്റെ അതിവേഗക്കുതിപ്പ്. 3 മിനിട്ട് 52.15 സെക്കൻഡാണ് ഫെയ്‌ത്ത് ടോക്യോയിൽ ഫിനിഷ് ചെയ്ത സമയം. രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത കെനിയക്കാരിതന്നെയായ ഡോർക്കസ് ഇവോയിക്ക് 3 മിനിട്ട് 54.92 സെക്കൻഡിലേ ഫിനിഷ് ചെയ്യാനായുള്ളൂ. 3 മിനിട്ട് 55.16 സെക്കൻഡിൽ ഓടിയെത്തിയ ഓസ്ട്രേലിയക്കാരി ജസീക്ക ഹള്ളിനാണ് വെങ്കലം.
2015ൽ ബെയ്ജിംഗിലാണ് ഫെയ്‌ത്ത് ലോക ചാമ്പ്യൻഷിപ്പിലെ 1500 മീറ്ററിൽ മെഡൽവേട്ട തുടങ്ങുന്നത്. അന്ന് വെള്ളിയായിരുന്നു.2017ൽ ആദ്യ സ്വർണം. 2019ൽ വീണ്ടും വെള്ളി. 2022ലും 2023ലും സ്വർണം. ഇപ്പോൾ സുവർണ ഹാട്രിക്കും. 2023 ലോക ചാമ്പ്യൻഷിപ്പിൽ 5000 മീറ്ററിലും സ്വർണം നേടി. അതിനൊപ്പം 2016,2020,2024 ഒളിമ്പിക്സുകളിലെ 1500 മീറ്റർ സ്വർണവും ഫെയ്ത്തിന്റെ കഴുത്തിലെത്തി. തുടർച്ചയായ മൂന്ന് ഒളിമ്പിക്സുകളിൽ 1500 മീറ്ററിൽ സ്വർണമണിഞ്ഞ മറ്റൊരു അത്‌ലറ്റില്ല.1500 മീറ്ററിലെ നിലവിലെ ലോക റെക്കാഡിന് ഉടമയും 5000 മീറ്ററിലെ മുൻ റെക്കാഡുകാരിയുമാണ് 31കാരിയായ ഫെയ്ത്ത്.
ഹഡിൽസിൽ ടിഞ്ചിന്റെ പഞ്ച്
പുരുഷ വിഭാഗം 110 മീറ്റർ ഹഡിൽസിൽ അമേരിക്കൻ താരം കോഡെൽ ടിഞ്ച് സ്വർണം നേടി. 12.99 സെക്കൻഡിൽ ഫിനിഷ് ചെയ്ത ടിഞ്ചിന്റെ ആദ്യ ലോക സ്വർണമാണിത്. ജമൈക്കയുടെ ഒർലാൻഡോ ബെന്നറ്റിനെയും (13.08 സെക്കൻഡ് )
ടൈലർ മേസണേയും (13.12) പിന്നിലാക്കിയായിരുന്നു ടിഞ്ചിന്റെ സ്വർണപ്പഞ്ച്. ബെന്നറ്റും മേസണും തങ്ങളുടെ പേഴ്സണൽ ബെസ്റ്റ് സമയത്താണ് ഫിനിഷ് ചെയ്‌തത്.
സർവേഷ് ആറാമത്
ഇന്നലെ നടന്ന പുരുഷ ഹൈജമ്പിൽ മത്സരിച്ച ഇന്ത്യൻ താരം സർവേഷ് കുശാരെ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. പേഴ്സണൽ ബെസ്റ്റായ 2.28 മീറ്ററാണ് ഫൈനലിൽ സർവേഷ് ക്ളിയർ ചെയ്തത്. 2.36 മീറ്റർ ക്ളിയർ ചെയ്ത ന്യൂസിലാൻഡിന്റെ ഹാമിഷ് കെറിനാണ് സ്വർണം. പാരീസ് ഒളിമ്പിക്സിലും ഹാമിഷാണ് സ്വർണം നേടിയിരുന്നത്. 2.34 മീറ്റർ ചാടിയ ദക്ഷിണ കൊറിയൻ താരം സാംഗ്‌വൂക്ക് വൂ വെള്ളിയും 2.31 മീറ്റർ ചാടിയ ചെക് റിപ്പ്ബ്ളിക്കിന്റെ യാൻ സ്റ്റെഫേല വെങ്കലവും നേടി. അഞ്ചാം സ്ഥാനത്തെത്തിയ അമേരിക്കൻ താരം യുവോഗൻ ഹാരിസണും 2.28 മീറ്ററാണ് ചാടിയതെങ്കിലും ചാൻസുകളുടെ എണ്ണക്കൂടുതൽ സർവേഷിനെ ആറാമതാക്കി.
ഹാമറിൽ ഏതന് റെക്കാഡ്
പുരുഷ ഹാമർത്രോയിൽ മീറ്റ്റെക്കാഡ് ദൂരം കണ്ടെത്തി കനേഡിയൻ താരം ഏതൻ കാറ്റ്സ്ബർഗ്. 84.70 മീറ്ററാണ് ഏതൻ എറിഞ്ഞത്. നിലവിലെ ഒളിമ്പിക് , ലോകചാമ്പ്യനായി ടോക്യോയിൽ മത്സരിക്കാനെത്തിയ ഏതൻ 2007ൽ ജപ്പാനിലെ ഒസാക്കയിൽ ഇവാൻ ടിക്കോൺ കുറിച്ച 83.63 മീറ്ററിന്റെ ചാമ്പ്യൻഷിപ്പ് റെക്കാഡാണ് തകർത്തത്.