രജിസ്ട്രേഷൻ അവസാനിച്ചു : അയ്യപ്പ സംഗമത്തിന് ഒരുങ്ങി പമ്പ

Wednesday 17 September 2025 1:33 AM IST

പത്തനംതിട്ട: 20ന് നടക്കുന്ന അഗോള അയ്യപ്പ സംഗമത്തിനുള്ള അവസാനവട്ട ഒരുക്കങ്ങൾ പമ്പയിൽ പുരോഗമിക്കുന്നു. പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ഇന്നലെ അവസാനിച്ചു. 4864 പേരാണ് രജിസ്റ്റർ ചെയ്തത്. ആദ്യം രജിസ്റ്റർചെയ്ത 3000 പേർക്കാണ് പ്രവേശനം. കൂടുതൽ വർഷം ശബരിമലയിൽ വെർച്വൽ ക്യൂവിലൂടെ ദർശനത്തിനെത്തിയ 250 പേരെയും ദേവസ്വം ബോർഡ് ക്ഷണിച്ചിട്ടുണ്ട്. ആകെ 3250 പേർക്കാണ് പ്രവേശനം.

അതേസമയം രജിസ്റ്റർചെയ്ത സ്ത്രീകളുടെ കണക്ക് പുറത്തുവിട്ടില്ല. എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും അയ്യപ്പസംഗമത്തിൽ പങ്കെടുക്കാമെന്നാണ് ബോർഡിന്റെ നിലപാട്. 16 രാജ്യങ്ങളിൽ നിന്ന് 500 പ്രതിനിധികൾ പങ്കെടുക്കും. പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് ഇവർക്കുള്ള താമസസൗകര്യം ഒരുക്കിയിട്ടുള്ളത്.

ആറ് കേന്ദ്രമന്ത്രിമാരെയും ക്ഷണിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരടക്കം ആരും പങ്കെടുക്കില്ലെന്നാണ് സൂചന. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തമിഴ്നാട് ദേവസ്വം മന്ത്രിയും ഐ.ടി മന്ത്രിയും പങ്കെടുക്കും. ആന്ധ്ര, തെലുങ്കാന, കർണാടക മന്ത്രിമാരും പങ്കെടുക്കും. ദേവസ്വം ബോർഡ് അംഗം എ. അജികുമാറിന്റെ നേതൃത്വത്തിൽ പമ്പയിലെ ക്രമീകരണങ്ങൾ വിലയിരുത്തി.

 ജർമ്മൻ പന്തൽ ഇന്ന് സമർപ്പിക്കും

പമ്പയിൽ നിർമ്മിച്ച ജർമ്മൻ പന്തൽ ഇന്ന് പരിപാടിക്കായി സമർപ്പിക്കും. ഒന്നാമത്തെ വേദിയായ ഇവിടെയാണ് 20ന് രാവിലെ 10.30ന് ഉദ്ഘാടന സമ്മേളനം നടക്കുക. വൈകിട്ട് 3.50നുള്ള സമാപന സമ്മേളനും ഇവിടെ നടക്കും. 2018ലെ പ്രളയത്തിൽ ഒഴുകിപ്പോയ രാമമൂർത്തി മണ്ഡപത്തിന്റെ സ്ഥാനത്താണ് മുപ്പതിനായിരം ചതുരശ്ര അടി വിസ്തീർണമുള്ള പന്തൽ നിർമ്മിച്ചത്. 3000 പേർക്ക് ഒരേ സമയം ഇരിക്കാം. സുരക്ഷാ പരിശോധന, വി.ഐ.പി വിശ്രമമുറി, വി.ഐ.പി ഭക്ഷണശാല, ആശുപത്രി, നാല് ബയോ ടൊയ്ലറ്റ് എന്നിവയും ഇവിടെയുണ്ട്. സാകേതം ഓഡിറ്റോറിയമാണ് രണ്ടാമത്തെ വേദി. ഹിൽടോപ്പിലെ പന്തലാണ് മൂന്നാമത്തെ വേദി. ഉദ്ഘാടന സമ്മേളനത്തിനു ശേഷം മൂന്ന് വേദികളിൽ വിവിധ ചർച്ചകൾ നടക്കും.

'മാസ്റ്റർ പ്ളാൻ നടപ്പാക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമുള്ള നിർദ്ദേശങ്ങൾ അയ്യപ്പ സംഗമത്തിൽ സമാഹരിക്കും. പദ്ധതികൾ നടപ്പാക്കുന്നതിന് ആധുനിക മാർഗം അവലംബിക്കും".

- പി.എസ്. പ്രശാന്ത്, ദേവസ്വം ബോർഡ് പ്രസിഡന്റ്