തദ്ദേശ കൂറുമാറ്റ നിയമം ഭരണഘടനാ വിരുദ്ധമെന്ന് ഹർജി

Wednesday 17 September 2025 1:35 AM IST

കൊച്ചി: സ്ഥാപനങ്ങൾക്ക് ബാധകമായ കേരള കൂറുമാറ്റ നിരോധന നിയമം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. 'കേരള ലോക്കൽ അതോറിറ്റീസ് പ്രൊഹിബിഷൻ ഒഫ് ഡിഫെക്‌ഷൻ ആക്ട്" റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

കൂറുമാറ്റ നിരോധന നിയമപ്രകാരം തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യരാക്കിയ ചങ്ങനാശേരി മുനിസിപ്പാലിറ്റി വാർഡ് അംഗം വർഗീസ് തോമസാണ് ഹർജിക്കാരൻ. ഭരണഘടന പ്രകാരം കൂറുമാറ്റനിരോധന നിയമം ബാധകമാവുക പാർലമെന്റിലും നിയമസഭകളിലുമാണെന്നാണ് ഹർജിക്കാരന്റെ വാദം. കൂറുമാറ്റം തദ്ദേശ സ്ഥാപനങ്ങൾക്ക് ബാധകമാണെന്ന് ഭരണഘടനയിൽ പറയുന്നില്ല. അതിനാൽ നിയമസഭ പാസാക്കിയ, തദ്ദേശ സ്ഥാപനങ്ങൾക്ക് ബാധകമായ കൂറുമാറ്റ നിരോധന നിയമം ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. തന്നെ അയോഗ്യനാക്കിയ ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെടുന്നു. ജസ്റ്റിസ് സി.എസ്. ഡയസിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

യു.ഡി.എഫ് പിന്തുണയോടെ ചെയർപേഴ്‌സൺ സ്ഥാനം വഹിച്ചിരുന്ന സന്ധ്യ മനോജിനെതിരെ കൊണ്ടുവന്ന അവിശ്വാസത്തെ അതേ ചേരിയിൽപ്പെട്ട ഹർജിക്കാരൻ പിന്തുണച്ചിരുന്നു. തുടർന്ന് യു.ഡി.എഫ് അംഗം നൽകിയ പരാതിയിലാണ് കൂറുമാറ്റ നിയമപ്രകാരം അയോഗ്യനായി പ്രഖ്യാപിച്ചത്.