ശബരിമല പഞ്ചലോഹ വിഗ്രഹം: വ്യാജ പണപ്പിരിവിൽ അന്വേഷണത്തിന് 4 മാസം

Wednesday 17 September 2025 12:37 AM IST

□തമിഴ്‌നാട് സ്വദേശി പിരിച്ചത് 6.14 ലക്ഷം

കൊച്ചി: ശബരിമലയിൽ സ്വാമി അയ്യപ്പന്റെ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാനെന്നു പറഞ്ഞ് തമിഴ്‌നാട് ഈറോഡിലെ ആശുപത്രി ഉടമ ഡോ. ഇ.കെ. സഹദേവൻ പണപ്പിരിവ് നടത്തിയ കേസിന്റെ അന്വേഷണം നാലു മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. പിരിച്ചെടുത്ത തുക മജിസ്ട്രേറ്റ് കോടതിയിൽ കെട്ടി വയ്‌ക്കാനും ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് പമ്പ പൊലീസിനോട് നിർദ്ദേശിച്ചു. സ്വമേധയാ എടുത്ത ഹർജി തീർപ്പാക്കി.

റോട്ടറി ഫ്രീഡം ഇന്ത്യ ട്രസ്റ്റ് എന്ന പേരിലുള്ള അക്കൗണ്ടിൽ 6,14,007 രൂപ എത്തിയെന്ന് ശബരിമല ചീഫ് പൊലീസ് കോ-ഓർഡിനേറ്റർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. ഇതിൽ 6 ലക്ഷവും കെ. ശ്രീനിവാസൻ എന്ന പേരിലുള്ള അക്കൗണ്ടിൽ നിന്നാണ്. 1000 മുതൽ 5001 രൂപ വരെയുള്ള മറ്റ് സംഭാവനകളുമുണ്ട്.ഈറോഡിലെ ലോട്ടസ് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി ചെയർമാനായ ഡോ. സഹദേവന്റെ കത്ത് പ്രകാരം , പഞ്ചലോഹ

വിഗ്രഹം സ്ഥാപിക്കാൻ ജൂലായ് 31ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അനുമതി നൽകിയിരുന്നു. പിന്നാലെ, കേരള സർക്കാരിന്റെയടക്കം അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് സഹദേവൻ നോട്ടീസിറക്കി. സംഭാവനയ്‌ക്കുള്ള ക്യൂ.ആർ കോഡും ഇതിൽ പതിച്ചിരുന്നു. രണ്ടടി ഉയരവും 150 കിലോ തൂക്കവുമുള്ള പഞ്ചലോഹ വിഗ്രഹമെന്നാണ് അറിയിച്ചിരുന്നത്. ഇത് സംബന്ധിച്ച് ശബരിമല സ്പെഷ്യൽ കമ്മിഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഇടപെട്ടത്.

അനുമതി പിൻവലിച്ചതായി ബോർഡും പദ്ധതിയിൽ നിന്ന് പിൻവാങ്ങിയതായി ഡോ. സഹദേവനും കോടതിയിൽ സത്യവാങ്മൂലം നൽകിയതിനാലാണ് ഹർജിയിലെ നടപടികൾ അവസാനിപ്പിച്ചത്. പൊലീസിന്റെ അന്തിമ റിപ്പോർട്ടിലും പിടിച്ചെടുക്കുന്ന തുകയുടെ കാര്യത്തിലും ബന്ധപ്പെട്ട മജിസ്ട്രേറ്റ് കോടതി നിയമപരമായ നടപടിയെടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.കോടതി നിർദ്ദേശ പ്രകാരം ദേവസ്വം ബോർഡാണ് പമ്പ പൊലീസിൽ പരാതി നൽകിയത്.