25 രൂപ നിരക്കിൽ 20 കിലോ അരി തുടരുമെന്ന് മന്ത്രി അനിൽ

Wednesday 17 September 2025 12:40 AM IST

തിരുവനന്തപുരം: ഓണക്കാലത്ത് എല്ലാ കാർഡ് ഉടമകൾക്കും 25 രൂപ നിരക്കിൽ 20 കിലോ അരി നൽകിയ പദ്ധതി തുടരുമെന്ന് മന്ത്രി ജി.ആർ.അനിൽ. കെ റൈസ് എട്ട് കിലോ 33 രൂപ നിരക്കിലും സ്പെഷ്യൽ അരി 20 കിലോ 25 രൂപ നിരക്കിലും നൽകും. ഓണക്കാലത്ത് സബ്സിഡിയിൽ 180 കോടിയും സബ്സിഡിയേതര ഇനത്തിൽ 206 കോ‌ടിയുമായി സപ്ലൈകോ വഴി 386 കോടിയുടെ വില്പന നടന്നു. റേഷൻ കടകൾ വഴി 598 കോടിയു‌‌ടെ 1.49 ലക്ഷം മെ‌ട്രിക് ടൺ അരി വിതരണം ചെയ്തു. 2024-25ൽ 2.7 ലക്ഷം കർഷകരിൽ നിന്ന് 5.8 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചു. ആകെയുള്ള 1645 കോടിയിൽ 1403 കോടി കർഷകർക്ക് നൽകി. 242 കോടി ഈയാഴ്ച നൽകും. കേന്ദ്രത്തിൽ നിന്ന് നെല്ല് സംഭരണത്തിന് തുകയൊന്നും ലഭിച്ചിട്ടില്ല. 2017 മുതൽ 1206 കോടി കുടിശിക കേന്ദ്രം നൽകാനുണ്ട്. ആകെ 2851 കോടിയാണ് കേന്ദ്ര കുടിശിക. സംസ്ഥാനത്ത് 2135 കെ സ്റ്റോറുകളിലായി 32.17 കോടിയുടെ വില്പന നടന്നെന്നും ഉന്നതികളിൽ സഞ്ചരിക്കുന്ന കെ സ്റ്റോറുകൾ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

ശബരി വെളിച്ചണ്ണയ്ക്ക് വില കുറച്ചു

ശബരി വെളിച്ചെണ്ണയ്ക്ക് സർക്കാർ വീണ്ടും വില കുറച്ചു. 339 രൂപയായിരുന്ന വെളിച്ചെണ്ണ 22 മുതൽ 319 രൂപയ്ക്ക് സപ്ലൈകോ വഴി നൽകുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. 389 രൂപയുടെ സബ്സിഡിയേതര വെളിച്ചെണ്ണ 359 രൂപയ്ക്കും 429 രൂപയ്ക്ക് ലഭിക്കുന്ന കേരഫെഡ് വെളിച്ചെണ്ണ 419 രൂപയ്ക്കും നൽകും. 93 രൂപയുള്ള തുവരപ്പരിപ്പ് 88 നും 95 രൂപയുടെ ചെറുപയർ 90 രൂപയ്ക്കും നൽ‌കും. അ‌ടുത്തമാസം വില വീണ്ടും കുറയ്ക്കുന്നത് ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

ഫുഡ് സെക്യൂരിറ്റി ആക്ട് ദോഷം

നാഷണൽ ഫുഡ് സെക്യൂരിറ്റി ആക്ട് നടപ്പാക്കിയത് കേരളത്തിലെ ജനങ്ങളെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്ന് മന്ത്രി അനിൽ നിയമസഭയെ അറിയിച്ചു. 2013 ൽ എൻ.എഫ്.എസ്.എ നടപ്പിലാക്കുന്നതിന് മുമ്പ് സംസ്ഥാനത്തിന് പ്രതിവർഷം 15,918,60 മെട്രിക് ടൺ ഭക്ഷ്യധാന്യ വിഹിതം ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ 14,25,049 മെട്രിക് ടൺ ആണ് ലഭിക്കുന്നത്. വിഹിതം വർദ്ധിപ്പിച്ചു നൽകണമെന്ന് നിരവധി തവണ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.