കേരളത്തിലെ ഹോർട്ടി വൈൻ : 5 രൂപ ഡ്യൂട്ടിയും 86% ടാക്സും

Wednesday 17 September 2025 12:42 AM IST

□നിയമ ഭേദഗതി സബ്ജക്ട് കമ്മിറ്റിക്ക്

തിരുവനന്തപുരം:കേരളത്തിലെ വൈനറികൾക്ക് നികുതി നിശ്ചയിക്കാൻ നിയമ ഭേദഗതി. കേരള പൊതു വിൽപന നിയമത്തിൽ ഹോർട്ടി വൈൻ ഉൾപ്പെടുത്തുന്നതിനൊപ്പം ഇന്ത്യൻ നിർമ്മിത വൈനിന് തുല്യമായ എക്‌സൈസ് ഡ്യൂട്ടിയും വിൽപന നികുതിയും ബാധകമാക്കുന്നതാണ് ഭേദഗതി.സഭ പരിഗണിച്ചശേഷം ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.ധനമന്ത്രി കെ.എൻ.ബാലഗോപാലാണ് ബിൽ അവതരിപ്പിച്ചത്.

2023 നവംബറിലാണ് വൈനറികൾക്ക് അനുമതി നൽകിയത്. ധാന്യങ്ങളൊഴികെ പറങ്കിമാങ്ങ,ഇളനീർ,കൈതച്ചക്ക,ജാമ്പയ്ക്ക തുടങ്ങിയവയിൽ നിന്ന് ഹോർട്ടി വൈൻ ഉൽപ്പാദിപ്പിക്കുന്നതിനാണ് അനുമതി. ഇതോടൊപ്പം ഹോർട്ടി ലിക്വർ,ലോ ആൽക്കഹോളിക് ബിവറേജ് നിർമ്മിക്കാനും അനുമതിയുണ്ട്. ഇതുവരെ അഞ്ച് പേരാണ് ഹോർട്ടിവൈൻ നിർമ്മിക്കാൻ ലൈസൻസെടുത്തിട്ടുള്ളത്.

ഫെർമെന്റേഷൻ വഴിയാണ് വൈൻ നിർമ്മിക്കുന്നത്. ഇതിന് പരമാവധി 15.5 ശതമാനമാണ് വീര്യം. ഹോർട്ടിവൈനിന് എക്‌സൈസ് ഡ്യൂട്ടി ലിറ്ററിന് 5രൂപയാണ്. ഇത് കേരളത്തിൽ വിൽക്കുന്ന ഇന്ത്യൻ നിർമ്മിത വൈനിന്റെ എക്‌സൈസ് ഡ്യൂട്ടിക്ക് തുല്യമാണ്. എന്നാൽ വിദേശനിർമ്മിത വൈനിന് എക്‌സൈസ് ഡ്യൂട്ടി (സ്‌പെഷ്യൽ ഫീ) ലിറ്ററിന് 1.25 രൂപയാണ്. ഹോർട്ടി വൈനിന്റെയും ഇന്ത്യൻ നിർമ്മിത വൈനിന്റെയും വിൽപ്പന നികുതി 86 ശതമാനമാണ്. വിദേശ നിർമ്മിത വൈനിന്റെ വിൽപ്പന നികുതി 37 ശതമാനവും. ഹോർട്ടി വൈനിനൊപ്പം അനുമതി നൽകിയ ഡിസ്റ്റിലേഷൻ വഴിയുണ്ടാക്കുന്ന വീര്യം കുറഞ്ഞ ഹോർട്ടി ലിക്വർ, ലോ ആൽക്കഹോളിക് ബിവറേജ് തുടങ്ങിവയുടെ വീര്യം 20% മുതൽ 30% വരെയാണ്. സ്പിരിറ്റിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന ലോ ആൽക്കഹോളിക് ബിവറേജിന്റെ വീര്യം 0.5% മുതൽ 20%വരെയായിരിക്കും.ഹോർട്ടി ലിക്വറിനും ലോ ആൽക്കഹോളിക് ബിവറേജിനും എക്‌സൈസ് ഡ്യൂട്ടിയും വിൽപ്പന നികുതിയും ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് സമാനമാണ്. എന്നാൽ എക്‌സൈസ് ഡ്യൂട്ടി മദ്യത്തിന്റെ വീര്യത്തിനനുസരിച്ച് നിശ്ചയിക്കുന്നതിനാൽ ഹോർട്ടി ലിക്വറിനും ലോ ആൽക്കഹോളിക് ബിവറേജിനും ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് ചുമത്തുന്ന എക്‌സൈസ് ഡ്യൂട്ടിയേക്കാൾ കുറവായിരിക്കും.