രാഹുലിനെതിരേ ഒളിയമ്പുമായി ഭരണപക്ഷാംഗങ്ങൾ
ഇന്നലെ രാഹുൽ സഭയിലെത്തിയില്ല
തിരുവനന്തപുരം: പൊലീസ് മർദ്ദനത്തെക്കുറിച്ചുള്ള അടിയന്തര പ്രമേയ ചർച്ചയിലും രാഹുൽ മാങ്കൂട്ടത്തിലിനെതിരേ വിമർശനവുമായി ഭരണപക്ഷ അംഗങ്ങൾ. ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ അവകാശം ഇല്ലാതാക്കി ഭ്രൂണഹത്യ നടത്തുന്ന രാഹുൽ മാങ്കൂട്ടത്തിലിനെപ്പോലുള്ളവരല്ല എല്ലാ യൂത്ത് കോൺഗ്രസ് നേതാക്കളുമെന്ന് കെ.ടി.ജലീൽ പറഞ്ഞു. ഇവിടെ പൊതുപ്രവർത്തനം നടത്തുകയും ഗൾഫിൽ നിന്നു അഞ്ചരലക്ഷം ശമ്പളം കൈപ്പറ്റുകയും ചെയ്യുന്ന പി.കെ. ഫിറോസിനെപ്പോലുള്ളവരല്ല എല്ലാ യൂത്ത്ലീഗ് നേതാക്കളെന്നും അദ്ദേഹം ആരോപിച്ചു. ഇതുപോലെയാണ് സേനയിലെ എല്ലാ പൊലീസുകാരും കുഴപ്പക്കാരല്ലെന്നും ജലീൽ പറഞ്ഞു. പാലക്കാട് എം.എൽ.എയുടെ ഭാഗത്തു നിന്ന് ഇത്തരമൊരു തെറ്റായ നടപടിയുണ്ടാകുമെന്ന് ആരെങ്കിലും കരുതിയോ എന്നായിരുന്നു സിപിഎമ്മിലെ കെ.വി. സുമേഷ് പറഞ്ഞത്. ഇന്നലെ രാഹുൽ മാങ്കൂട്ടത്തിൽ സഭയിലെത്തിയില്ല.