പിരിച്ചുവിടൽ കുറ്റത്തിന്റെ കാഠിന്യമനുസരിച്ച് : മുഖ്യമന്ത്രി

Wednesday 17 September 2025 1:43 AM IST

തിരുവനന്തപുരം: പൊലീസ് തെറ്റുചെയ്താൽ കർക്കശമായ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഏതെങ്കിലുമൊരു സംഭവം എടുത്തുകാട്ടി പൊലീസാകെ മോശമാണെന്ന് ചിത്രീകരിക്കാനാവില്ല. കുറ്റത്തിന്റെ കാഠിന്യമനുസരിച്ച് പിരിച്ചുവിടൽ അടക്കം നടപടി തുടരും. സേനയിൽ ബഹുഭൂരിപക്ഷവും നല്ല സമീപനമുള്ളവരാണ്. സമൂഹത്തിലെ തെറ്റായ കാര്യങ്ങൾ പൊലീസിലുമുണ്ടാവാം.

ചിലർ പഴയതിന്റെ ഹാംഗ് ഓവറിലാണ്. തെറ്റുചെയ്താൽ സംരക്ഷിക്കില്ല. കുന്നംകുളത്തെ കസ്റ്റഡി മർദ്ദനമടക്കം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് റോജി എം.ജോൺ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന്മേലുള്ള ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.താത്കാലിക രാഷ്ട്രീയ ലാഭത്തിനുവേണ്ടി അതിനെയൊക്കെ മറ്റ് രീതിയിൽ ചിത്രീകരിക്കാൻ ശ്രമിക്കരുത്. പൊലീസ് ഗുണ്ടകൾക്ക് അകമ്പടി പോയത് യു.ഡി.എഫ് കാലത്താണ്.കോൺഗ്രസ് എല്ലാക്കാലത്തും കുറ്റക്കാരെ സംരക്ഷിച്ചിരുന്നു. കുറ്രമറ്റ രീതിയിലാണ് പൊലീസ് ഇപ്പോൾ മുന്നേറുന്നത്. നിരവധി അംഗീകാരങ്ങൾ ലഭിക്കുന്നു. പൊലീസ് കംപ്ലയിന്റ് അതോറിട്ടിയിലെത്തുന്ന പരാതികൾ കുറയുകയാണ്. പരാതികൾക്കിടയാക്കുന്ന സാഹചര്യം സംസ്ഥാനത്തില്ലെന്നതിന്റെ തെളിവാണിത്.

ചങ്കുതകരുന്ന

ദൃശ്യങ്ങൾ: സതീശൻ

കസ്റ്റഡി മർദ്ദനം നടത്തിയവരെ പിരിച്ചുവിടുമോ ഇല്ലയോ എന്നാണ് അറിയേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സി.പി.എം ലോക്കൽ സെക്രട്ടറിയുടെ കരണക്കുറ്റിക്കടിച്ചതും ദളിത് സ്ത്രീയോടു കക്കൂസിലെ വെള്ളമെടുത്തു കുടിക്കാൻ പറഞ്ഞതും തോർത്തിൽ കരിക്ക് കെട്ടി മർദ്ദിച്ചതടക്കമുള്ള സംഭവങ്ങളുണ്ടായി. ചങ്കുതകർന്നു പോവുന്ന ദൃശ്യങ്ങൾ വിവരാവകാശ നിയമത്തിന്റെ ശക്തികൊണ്ടു മാത്രമാണ് പുറത്തുവന്നത്. പാർട്ടിക്കാരെ പൊലീസിന് പേടിയാണ്.

മുഖ്യമന്ത്രിയുടെ നീണ്ട പ്രസംഗമല്ല, നടപടികളാണ് അറിയേണ്ടതെന്നും സതീശൻ പറഞ്ഞു.

'എന്നെ തടഞ്ഞാൽ

മുഖ്യമന്ത്രിയും

സംസാരിക്കില്ല'

തന്റെ പ്രസംഗം തടസപ്പെടുത്തിയാൽ മുഖ്യമന്ത്രിയും സഭയിൽ സംസാരിക്കില്ലെന്ന് വി.ഡി സതീശൻ. അടിയന്തരപ്രമേയ ചർച്ചയിൽ സംസാരിക്കുന്നതിനിടെ ഭരണപക്ഷം ബഹളം വച്ചപ്പോഴായിരുന്നു സതീശൻ ഇങ്ങനെ പറഞ്ഞത്. സ്പീക്കർ ഇടപെട്ടാണ് അംഗങ്ങളെ ശാന്തമാക്കിയത്.

പിരിച്ചുവിട്ടത് 144

പൊലീസുകാരെ

ഒമ്പത് വർഷത്തിനിടെ വിവിധ നടപടികളുടെ ഭാഗമായി 144 പൊലീസുകാരെ പിരിച്ചുവിട്ടതായി മുഖ്യമന്ത്രി. 2016 മേയ് മുതൽ 2024 ജൂൺവരെ 108പേരെ. 2024 ഒക്ടോബർ മുതൽ ഈ മാസം വരെ 36പേരെ. രാജ്യത്തെവിടെയെങ്കിലും ഇത്തരമൊരു നടപടിയുണ്ടോയെന്നും യു.ഡി.എഫ് കാലത്ത് ആരെയെങ്കിലും പിരിച്ചുവിട്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.