കഞ്ചിക്കോട് വന്യജീവി ശല്യത്തിന് പരിഹാരം കാണാൻ വനംവകുപ്പ്

Wednesday 17 September 2025 1:51 AM IST

 ഹെല്പ് ഡെസ്ക് സ്ഥാപിച്ചു  ഇന്ന് ഉച്ചയ്ക്ക് രണ്ടിന് യോഗം ചേരും

കഞ്ചിക്കോട്: വന്യജീവി ശല്യത്തിന് പരിഹാരം കാണുന്നതിനായി പുതുശ്ശേരി പഞ്ചായത്ത് ഓഫീസിൽ വനംവകുപ്പ് ഹെല്പ് ഡെസ്‌ക് സ്ഥാപിച്ചു. വന്യജീവി സംഘർഷ മേഖലയിലുൾപ്പെടുന്ന സംസ്ഥാനത്തെ 30 പഞ്ചായത്തുകളെ ഹോട്ട് സ്‌പോട്ടുകളായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ ഉൾപ്പെടുന്ന പഞ്ചായത്താണ് പുതുശ്ശേരി. ഹെല്പ് ഡെസ്‌ക് സേവനം ഈ മാസം 30 വരെ ലഭ്യമാകും. വന്യജീവികളുടെ സാന്നിദ്ധ്യം മൂലമുള്ള സംഘർഷം, വിള നഷ്ടം, ജീവഹാനി തുടങ്ങിയ വിഷയങ്ങളിലുള്ള പരാതി ഹെല്പ് ഡെസ്‌കിൽ സമർപ്പിക്കാം. വനം വകുപ്പുമായി ബന്ധപ്പെട്ട ഭൂമി തർക്കം, ഗതാഗത പ്രശ്നങ്ങൾ, മരം മുറി തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികളും ഹെല്പ് ഡെസ്‌ക് കൈകാര്യം ചെയ്യും. പൊതുജനങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും ലഭിക്കുന്ന പരാതികൾ കൈകാര്യം ചെയ്യാൻ സർക്കാർ പഞ്ചായത്തിലേക്ക് ഒരു ഫെസിലിറ്റേറ്ററെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രാദേശിക തലത്തിൽ പരിഹരിക്കാൻ കഴിയുന്ന പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണും. ഇതിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പുതുശ്ശേരി പഞ്ചായത്ത് ഓഫീസിൽ ജനപ്രതിനിധികളുടെയും കർഷകരുടെയും വിവിധ സംഘടനകളുടെയും യോഗം വിളിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ പരിഹാരം കാണാൻ കഴിയാത്ത വിഷയങ്ങളെ രണ്ടാം ഘട്ടത്തിലേക്ക് കൈമാറും. ഒക്ടോബർ 1 മുതൽ 15 വരെ ജില്ലാ തലത്തിലാണ് രണ്ടാം ഘട്ടം.ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ നേതൃത്വം നൽകും. സങ്കീർണ്ണമായ പ്രശ്നങ്ങൾ ഒക്ടോബർ 16 മുതൽ 30 വരെ നടക്കുന്ന മൂന്നാം ഘട്ട സംസ്ഥാന തല തീവ്രയജ്ഞ പരിപാടിയിൽ പരിഗണിക്കും.