എൽസ - 3 അപകടം: ഇന്നും വാദം തുടരും

Wednesday 17 September 2025 2:54 AM IST

കൊച്ചി: എം.എസ്.സി എൽസ - 3 കപ്പൽ മുങ്ങിയതിനെ തുടർന്നുണ്ടായ പരിസ്ഥിതിനാശത്തിന് 9,531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഫയൽ ചെയ്ത അഡ്മിറാലിറ്റി സ്യൂട്ടിൽ ഇന്നും വാദം തുടരും. ജസ്റ്റിസ് എം.എ. അബ്ദുൽ ഹക്കീമാണ് ഹർജി പരിഗണിക്കുന്നത്. മുങ്ങിയ കപ്പലിൽ നിന്ന് എണ്ണ ചോരുകയും കണ്ടെയ്‌നറുകളിലെ രാസവസ്തുക്കളടക്കം കടലിൽ കലരുകയും ചെയ്തത് മൂലം പരിസ്ഥിതി, സാമ്പത്തിക മേഖലകളിലുണ്ടായ നഷ്ടമാണ് സർക്കാരിനായി ഹാജരായ അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ് ചൂണ്ടിക്കാട്ടിയത്. ഉയർന്ന നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും വാദിച്ചു.സർക്കാർ ആവശ്യപ്പെടുന്ന തുക യാഥാർത്ഥ്യത്തിന് നിരക്കുന്നതല്ലെന്ന വാദമാണ് കപ്പൽ കമ്പനി ഉന്നയിക്കുന്നത്. അപകടം നടന്നത് സംസ്ഥാന സമുദ്രാതിർത്തിയിൽ നിന്ന് 14.5 നോട്ടിക്കൽ മൈൽ അകലെയായതിനാൽ കേരള സർക്കാരിന് അഡ്മിറാലിറ്റി സ്യൂട്ട് നൽകാൻ അധികാരമില്ലെന്നും അവർ വാദിക്കുന്നു. ഹർജിയിൽ കപ്പൽ കമ്പനിയുടെ വാദം പൂർത്തിയാകാനുണ്ട്. വിഴിഞ്ഞത്ത് എത്തിയ എം.എസ്.സി അകിറ്റേറ്റ-2 കപ്പൽ അറസ്റ്റ് ചെയ്ത ഉത്തരവ് ഒരുമാസത്തേക്ക് നീട്ടുകയും ചെയ്തിട്ടുണ്ട്.