ജനമൈത്രിയല്ല ഗുണ്ടാ മൈത്രി: പ്രതിപക്ഷം
തിരുവനന്തപുരം: പൊലീസ് മർദ്ദനത്തെച്ചൊല്ലിയുള്ള നിയമസഭയിലെ അടിയന്തരപ്രമേയ ചർച്ചയിൽ ഭരണ, പ്രതിപക്ഷാംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്പോര്. പൊലീസിൽ ജനമൈത്രിയല്ല, ഗുണ്ടാമൈത്രിയാണെന്ന് മുസ്ലീംലീഗിലെ എൻ.ഷംസുദ്ദീൻ. പൊലീസ് അഴിഞ്ഞാട്ടം മൂർദ്ധന്യത്തിലാണെന്നും കുറ്റപ്പെടുത്തി.
പൊലീസ് ക്ലബിലെ പഞ്ചിംഗ് ബാഗിലിടിക്കുന്ന ലാഘവത്തോടെയാണ് മനുഷ്യരെ ഇടിക്കുന്നതെന്നും ഇടിയൻ പൊലീസ് സേനയ്ക്കാകെ അപമാനമാണെന്നും പ്രമേയം അവതരിപ്പിച്ച റോജി.എം.ജോൺ പറഞ്ഞു. പരാതിയുമായി സ്റ്റേഷനിലേക്ക് നടന്നെത്തുന്നവർ തിരികെ ആംബുലൻസിൽ പോവുന്ന സ്ഥിതിയാണെന്ന് കെ.കെ.രമ. ജനമൈത്രി സ്റ്റേഷനുകൾ കൊലമൈത്രി സ്റ്റേഷനുകളായെന്നും കുറ്റപ്പെടുത്തി. 9 വർഷത്തിനിടെ 17കസ്റ്റഡി മരണമുണ്ടായെന്നും പൊലീസ് കംപ്ലയിന്റ് അതോറിട്ടി പിരിച്ചുവിടണമെന്നും അനൂപ് ജേക്കബ്.
പൊലീസ് മർദ്ദനമെന്നത് രാഷ്ട്രീയ പ്രചാരണത്തിന് മാത്രമുള്ള വിഷയമാണെന്ന് സേവ്യർചിറ്റിലപ്പള്ളി. കുന്നംകുളത്ത് മർദ്ദനമേറ്റ സുജിത്ത് 11കേസിൽ പ്രതിയാണ്. വെളുപ്പിച്ചെടുക്കാനാണ് കോൺഗ്രസ് ശ്രമമെന്നും കുറ്റപ്പെടുത്തി. എല്ലാ മേഖലയിലുമുള്ളതുപോലെ പുഴുക്കുത്തുകൾ പൊലീസിലുമുണ്ടാവാമെന്ന് കെ.ടി.ജലീൽ. ഏതാനും പേരുടെ വീഴ്ചയ്ക്ക് സേനയെയാകെ കുറ്റപ്പെടുത്തരുതെന്ന് കടകംപള്ളി സുരേന്ദ്രൻ.
വിമർശനവുമായി
സി.പി.ഐയും
പൊലീസിൽ പുഴുക്കുത്തുകളുണ്ടെന്നും അതിശക്തമായ നടപടിയെടുക്കണമെന്നും സി.പി.ഐ പാർലമെന്ററി പാർട്ടിനേതാവ് ഇ.ചന്ദ്രശേഖരൻ. വഴിവിട്ട രീതിയിൽ പ്രവർത്തിക്കുന്നത് ഇടതുമുന്നണിയുടെ പൊലീസ് നയമല്ല. ഇടതുനയത്തിൽ നിന്ന് വ്യതിചലിക്കുന്നവരുണ്ട്. അവർക്കെതിരെ മുഖംനോക്കാതെ നടപടിയുണ്ടാവണം. കുറ്റക്കാരെ തെളിവുകളുടെ അടിസ്ഥാനത്തിൽ പിരിച്ചുവിടണം.