പീച്ചി സ്റ്റേഷനിലെ മർദ്ദനം: സി.ഐ രതീഷിന് സസ്പെൻഷൻ
തിരുവനന്തപുരം: പീച്ചി പൊലീസ് സ്റ്റേഷനിൽ ഹോട്ടലുടമയുടെ മകനെയും ജീവനക്കാരെയും ക്രൂരമായി മർദ്ദിച്ച ഇൻസ്പെക്ടർ പി.എം. രതീഷിനെ സസ്പെൻഡ് ചെയ്തു. വകുപ്പുതല അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ദക്ഷിണമേഖലാ ഐ.ജി എസ്. ശ്യാംസുന്ദറാണ് സസ്‌പെൻഡ് ചെയ്തത്. രതീഷ് പീച്ചി എസ്.ഐയായിരിക്കെയാണ് മർദ്ദനമുണ്ടായത്. സി.ഐയായി സ്ഥാനക്കയറ്റം ലഭിച്ച രതീഷ് എറണാകുളം കടവന്ത്രയിൽ ക്രമസമാധാന ചുമതലയിലായിരുന്നു
മർദ്ദന ദൃശ്യങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. മർദ്ദനത്തിലെടുത്ത രണ്ട് കേസുകൾ മണ്ണുത്തി എസ്.എച്ച്.ഒ അന്വേഷിക്കുകയാണ്. രതീഷിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയെങ്കിലും എട്ട് മാസമായിട്ടും മറുപടി ലഭിച്ചിരുന്നില്ല. ഐ.ജി വീണ്ടും നോട്ടീസ് നൽകിയിരുന്നു. ഇനി കാത്തിരിക്കേണ്ടെന്ന ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശത്തെതുടർന്നാണ് നടപടി. 2023 മേയ് 24ന് പീച്ചി സ്റ്റേഷനിലാണ് ഹോട്ടൽ ഉടമയായ കെ.പി. ഔസേപ്പിന്റെ മകനും ജീവനക്കാർക്കും മർദ്ദനമേറ്റത്. ഹോട്ടലിലെ ബിരിയാണിയെ ചൊല്ലി പാലക്കാട് സ്വദേശിയുമായുണ്ടായ തർക്കത്തിനു പിന്നാലെയായിരുന്നു ഇത്. വിവരമറിഞ്ഞെത്തിയ ഔസേപ്പിനേയും മകനേയും രതീഷ് ഭീഷണിപ്പെടുത്തി. പരാതിക്കാരനായ ദിനേശിന്റെ സഹോദരീപുത്രന് പ്രായപൂർത്തിയായിട്ടില്ലെന്നും വധശ്രമത്തിനൊപ്പം പോക്സോ കേസും ചുമത്തുമെന്നായിരുന്നു ഭീഷണി. പൊലീസ് നിർദ്ദേശ പ്രകാരം അഞ്ച് ലക്ഷം രൂപ നൽകിയാണ് കേസ് ഒത്തുതീർപ്പാക്കിയെന്നും ഔസേപ്പ് പറഞ്ഞിരുന്നു.