വനിതാ ട്രെയിൻ മാനേജർ എൻജിന് അടിയിൽപ്പെട്ട സംഭവം; അന്വേഷണം ആരംഭിച്ചു

Wednesday 17 September 2025 12:57 AM IST

തിരുവനന്തപുരം: വനിതാ ട്രെയിൻ മാനേജർ തീവണ്ടി എൻജിന് അടിയിൽപ്പെട്ട സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു. വീഴ്ചയുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കാനും നിർദ്ദേശിച്ചു. ട്രെയിൻ സർവീസിനിടയിലുണ്ടാകുന്ന പ്രശ്നങ്ങൾ അപകടരഹിതമാക്കാൻ നടപടിക്രമങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. അത് പാലിക്കുന്നതിൽ വീഴ്ചയുണ്ടായോ എന്നും പരിശോധിക്കും.

തിങ്കളാഴ്ച രാവിലെ 9.15ന് തിരുവനന്തപുരത്ത് നിന്ന് മുംബയിലേക്ക് പുറപ്പെട്ട നേത്രാവതി എക്സ്പ്രസിന്റെ സർവീസിനിടയിലാണ് സംഭവം. ട്രെയിനിന്റെ കോച്ചിനടിയിൽ നിന്ന് പുക ഉയരുന്നത് മുരുക്കുംപുഴ സ്‌റ്റേഷനിലെ ജീവനക്കാരാണ് കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് ട്രെയിൻ ചിറയിൻകീഴിൽ നിറുത്തി. ബ്രേക്ക് ലോക്കായാതാണ് ഇതിന് കാരണമെന്ന നിഗമനത്തിൽ പരിശോധിക്കാനായി ട്രെയിൻ മാനേജർ ദീപ ട്രെയിനിന് അടിയിലേക്ക് ഇറങ്ങി. ഇതിനിടയിൽ ബ്രേക്ക് റിലീസാകുകയും ട്രെയിൻ മുന്നോട്ട് നീങ്ങുകയുമായിരുന്നു.

പെട്ടെന്ന് ട്രാക്കിൽ കമിഴ്ന്ന് കിടന്നതിനാൽ ദീപയ്ക്ക് ജീവൻ രക്ഷിക്കാനായത്. ആളുകൾ ഉച്ചത്തിൽ ബഹളം വച്ചതോടെയാണ് ട്രെയിൻ നിറുത്തി. സ്‌റ്റേഷനിലെ ഗേറ്റ് കീപ്പർ എത്തിയാണ് ദീപയെ ട്രെയിയിനിന് അടിയിൽ നിന്നും പുറത്തെത്തിച്ചത്. ട്രാക്കിൽ വീണ ദീപയുടെ കാൽമുട്ടിന് പരിക്കേറ്റിട്ടുണ്ട്. ദീപയെ കൊല്ലത്ത് റെയിൽവേ ആശുപത്രിയിലും പിന്നീട് പേട്ടയിലെ റെയിൽവേ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിലവിൽ പേട്ടയിൽ ചികിത്സയിലാണ് ദീപ. തിരുവനന്തപുരം കുണ്ടമൺകടവ് സ്വദേശിനിയാണ് ദീപ