ചാരായ ഗ്രാമത്തെ ചെസ് ഗ്രാമമാക്കി ഉണ്ണിമാമ, പുതിയ കരുക്കളുമായി മരോട്ടിച്ചാൽ
തിരുവനന്തപുരം: ചെസിലൂടെ മരോട്ടിച്ചാൽ ഗ്രാമത്തിന്റെ മേൽവിലാസം മാറ്റിയ ഉണ്ണിമാമ അറുപത്തിയെട്ടാം വയസിലും ഉഷാറാണ്. ചെസ് കളിക്ക് ഇടമൊരുക്കിയ മരോട്ടിച്ചാലിലെ 'ഉണ്ണിമാമൻസ് ഹോട്ടൽ" എന്ന തന്റെ ചായക്കടയിലിരുന്ന് ഇപ്പോഴും പുതിയ പാഠങ്ങൾ പങ്കിടുന്നുമുണ്ട് ചരളിയിൽ വീട്ടിൽ സി. ഉണ്ണിക്കൃഷ്ണൻ എന്ന നാട്ടുകാരുടെ ഉണ്ണിമാമ.
തൃശൂരിലെ ഉൾനാടൻ പ്രദേശമായ മരോട്ടിച്ചാൽ ചാരായത്തിൽ മുങ്ങിയ കാലമുണ്ടായിരുന്നു. ചെസിനെ ലഹരിയാക്കിയ ഉണ്ണിമാമയുടെ നേതൃത്വത്തിൽ സമ്പൂർണ ചെസ് സാക്ഷരത ഗ്രാമമെന്ന നിലയിൽ ട്രെൻഡിംഗിലാണ് ഇന്ന് മരോട്ടിച്ചാൽ. അതിന് മാറ്റുകൂട്ടാൻ അഖില കേരള ചെസ് ടൂർണമെന്റിനൊപ്പം ചെസ് അക്കാഡമികൂടി യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുകയാണ് ഉണ്ണിമാമ. ചെസ് അസോസിയേഷനും നാട്ട് കൂട്ടായ്മയും ഇതിനായുള്ള തിരക്കിലാണ്.
ഉണ്ണിമാമയിലൂടെ ഗ്രാമത്തിലെ ഭൂരിഭാഗം പേരും ചെസിൽ മാസ്റ്റേഴ്സായി. എല്ലാവരെയും ചെസ് പഠിപ്പിച്ച് നാടിന്റെ 'ചാരായ" ദുഷ്പേര് മാറ്റുകയായിരുന്നു ലക്ഷ്യം. അത് സഫലമായതിന്റെ ആനന്ദം ഉണ്ണിമാമയ്ക്കൊപ്പം നാടാകെ പങ്കിടുന്നു.
നേരം പോക്കിനുള്ള
കളി ലഹരിയായി
രാത്രിയിലെ ചാരായം വാറ്റൽ ഇല്ലാതാക്കാൻ പൊലീസ്, എക്സൈസ് എന്നിവർക്കൊപ്പം ഉണ്ണിക്കൃഷ്ണനും കൂട്ടുകാരും കൂടി. ഉറക്കമൊഴിച്ചിരിക്കുന്ന സമയങ്ങളിൽ നേരം പോക്കിനായി തുടങ്ങിയതാണ് ചെസ് കളി. എന്നാലിന്ന് ഓസ്ട്രേലിയയ്ക്ക് സമീപമുള്ള സോളമൻ ദ്വീപിലെ സ്പോർട്സ് സ്റ്റാമ്പിൽ വരെ ഇടം നേടാനും യു.ആർ.എഫ് ഏഷ്യൻ റെക്കാഡ് നേടാനും മരോട്ടിച്ചാലിന് സാധിച്ചു.
അനന്തരവൻ
ദേശീയ താരം
ഉണ്ണിക്കൃഷ്ണന്റെ ചേച്ചിയുടെ മകളുടെ മകനാണ് തൃശൂർ ശ്രീലകം വീട്ടിൽ ഗൗരിശങ്കർ ജയരാജ് (16) എന്ന പ്ലസ് വൺ വിദ്യാർത്ഥി. നാഷണൽ ഇന്റർനാഷണൽ ചെസ് ടൂർണമെന്റുകളിൽ തിളങ്ങിനിൽക്കുന്നു. കൊവിഡ് കാലത്താണ് ഗൗരിശങ്കർ അമ്മാവനൊപ്പം ചെസ് കളിയാരംഭിച്ചത്. ഗൗരിശങ്കറിന്റെ ചെസ് ഇന്റർനാഷണൽ ഫിഡെ റേറ്റിംഗ് 2121 ആണ്. ഗ്രാൻഡ് മാസ്റ്റർ കോച്ചിംഗിന്റെ തിരക്കിലാണ് ഇപ്പോൾ ഗൗരിശങ്കർ.
ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് കൊവിഡ് സമയത്ത് ഉണ്ണിമാമയുടെ കൂടെയിരുന്ന് ചെസ് പഠിച്ചത്. കുറച്ചുക്കൂടി ചെറുപ്പത്തിലേ പഠിച്ചിരുന്നെങ്കിൽ ഗ്രാന്റ് മാസ്റ്റർ ലെവലിൽ എത്തിയേനേ
ഗൗരിശങ്കർ ജയരാജ്
(ചെസ് നാഷണൽ പ്ലയർ)
ഞങ്ങളുടെ നാട് ഇന്ന് ലോകമെമ്പാടും അറിയപ്പെടുന്നു. ഇനിയും അതിന്റെ വളർച്ചയെ ഉയർത്താൻ ഞങ്ങൾ പരിശ്രമിക്കുന്നു.
വിനീഷ് പ്ളാച്ചേരി
(ചെസ് അസോസിയേഷൻ പ്രസിഡന്റ് ,മരോട്ടിച്ചാൽ)