എല്ലാ വാഹനങ്ങൾക്കും അതിസുരക്ഷാ നമ്പർ പ്ലേറ്റ്, ഫെ​ബ്രു​വ​രി​ ​മു​ത​ൽ പ്രാബല്യത്തിൽ

Wednesday 17 September 2025 1:07 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ വാഹനങ്ങൾക്കും അടുത്ത ഫെബ്രുവരി മുതൽ അതിസുരക്ഷാ നമ്പർ പ്ലേറ്റ് ഏർപ്പെടുത്താൻ മോട്ടോർ വാഹന വകുപ്പ്. ഡിസംബറോടെ

ഇതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കും. ജനുവരിയിൽ നമ്പർ പ്ലേറ്റ് ഘടിപ്പിക്കൽ ആരംഭിക്കും.

ഓരോ സീരീസിലുമുള്ള വാഹനങ്ങൾക്ക് ഓരോ മാസം ഇതിനായി അനുവദിക്കും. നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ഇതിന് ഹൈക്കോടതിയുടെ അനുമതി ലഭിച്ചത്.കോടതി ഉത്തരവു പ്രകാരം ,കേന്ദ്ര സർക്കാരിന്റെ പാനലിൽപ്പെട്ട കമ്പനികളിൽ നിന്നാകും ടെൻഡർ വിളിക്കുക.

2004ൽ രാജ്യത്ത് അതിസുരക്ഷാ നമ്പർ പ്ലേറ്റ് നിർബന്ധമാക്കിയെങ്കിലും കേരളമുൾപ്പെടെ നടപ്പാക്കിയില്ല. 2019 മാർച്ച് 31ന് നിയമം കർശനമാക്കി.അതിനു ശേഷം ഇറങ്ങുന്ന വാഹനങ്ങളിൽ ഡീലർമാർ തന്നെ അതിസുരക്ഷാ നമ്പർപ്ലേറ്റ് ഘടിപ്പിക്കാനായിരുന്നു നിർദേശം. അതിനു മുൻപുള്ള വാഹനങ്ങൾക്കു സമയ ക്രമം തീരുമാനിച്ചു . എന്നാൽ,

പിന്നീട് പ്രശ്നം കോടതി കയറി

കുഴഞ്ഞത്

ഇങ്ങനെ

സംസ്ഥാനത്തു നമ്പർപ്ലേറ്റ് നിർമിക്കാൻ അന്നത്തെ ഗതാഗതമന്ത്രി ആന്റണി രാജു തീരുമാനമെടുത്തു.

 യന്ത്രം സ്ഥാപിക്കാൻ ഗതാഗത കമ്മിഷണർ ടെൻഡർ വിളിച്ചു.

 കെ.ബി.ഗണേശ്കുമാർ മന്ത്രിയായതോടെ ഇതൊഴിവാക്കി ആഗോള ടെൻഡർ വിളിക്കാൻ തീരുമാനിച്ചു.

 സർക്കാരിന്റെ സ്റ്റോർ പർച്ചേസ് മാന്വൽ പ്രകാരം അതിന് കഴിയില്ലെന്ന് ഗതാഗത കമ്മിഷണറായിരുന്ന എസ്.ശ്രീജിത്ത് .

 കേന്ദ്ര പാനലിൽപ്പെട്ട കമ്പനികൾ ഇനെതിരെ നൽകിയ കേസിലാണ് വിധി

ഫീസ് ആയിരം

അതിസുരക്ഷാ നമ്പർപ്ലേറ്റ് ഏർപ്പെടുത്താൻ കേന്ദ്രം 2018ൽ തീരുമാനിക്കുമ്പോൾ ഇരുചക്ര വാഹനത്തിന് 425–470 രൂപ, കാർ 600–750 രൂപ എന്നിങ്ങനെയായിരുന്നു ഫീസ് . പുതിയ ടെൻഡറിൽ ഫീസ് 1000 രൂപ വരെയാകും.