വ്യക്തിഗത വായ്പയെക്കാൾ ജനപ്രീതി നേടി ഗോൾഡ് ലോൺ ,​ പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടമിതാണ്

Wednesday 17 September 2025 1:12 AM IST

കൊച്ചി: റെക്കാഡുകൾ കീഴടക്കി പവൻ വില കുതിക്കുന്നതിനിടെ സ്വർണ പണയ വായ്പകളുടെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്താൻ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നീക്കം ശക്തമാക്കുന്നു. കുറഞ്ഞ വരുമാനമുള്ളവർ മുതൽ ചെറുകിട, ഇടത്തരം സംരംഭകർ വരെ അതിവേഗം പണം ലഭിക്കാൻ സ്വർണ പണയത്തെ ആശ്രയിക്കുകയാണ്. സ്വർണ വായ്പകൾ പുതുക്കി അധിക പണം നേടുന്നവരുടെ എണ്ണവും കൂടുകയാണ്. സ്വർണത്തിന്റെ മൂല്യത്തിന്റെ 75 ശതമാനം തുക വായ്‌പയായി നേടാനാകും. പേഴ്സണൽ വായ്പകളേക്കാൾ താരതമ്യേന കുറഞ്ഞ പലിശയെന്നതും സ്വർണ പണയത്തിന് അനുകൂലമാണ്.

നടപ്പുവർഷം ഇതുവരെ വിലയിൽ 45 ശതമാനം വർദ്ധനയുണ്ടായതാണ് സ്വർണ പണയ സ്ഥാപനങ്ങൾക്കും ഉപഭോക്താക്കൾക്കും അനുഗ്രഹമാകുന്നത്. ജനുവരി ഒന്നിന് കേരളത്തിൽ പവൻ വില 57,200 രൂപയായിരുന്നു. ഇന്നലെ പവൻ വില 82,080 രൂപയിലെത്തി റെക്കാഡിട്ടു. എട്ടര മാസത്തിനിടെയിൽ വില 24,880 രൂപയാണ് കൂടിയത്. വില ഉയരുന്നതിന് അനുസരിച്ച് അധിക വായ്പ നേടാമെന്നതാണ് അനുഗ്രഹം.

വിവിധ മേഖലകളിലെ വായ്പ(ജൂലായ് 31 വരെ)

മൊത്തം തുക: വർദ്ധന

സ്വർണ പണയം: 2.94 ലക്ഷം കോടി രൂപ : 122 ശതമാനം

ക്രെഡിറ്റ് കാർഡ് വായ്പ: 2.91 ലക്ഷം കോടി രൂപ : 6 ശതമാനം

വ്യക്തിഗത വായ്പ : 15.36 ലക്ഷം കോടി രൂപ: 8 ശതമാനം

മൈക്രോ വായ്പ : 1.34 ലക്ഷം കോടി രൂപ: -16.5 ശതമാനം

മാറുന്ന ട്രെൻഡുകൾ

ഒരു കാലത്ത് സ്വർണ പണയമെന്നത് നാണക്കേടായാണ് വിലയിരുത്തിയിരുന്നത്. ഈ രംഗത്തുള്ള സ്ഥാപനങ്ങൾക്കും പ്രതിച്ഛായ മോശമായിരുന്നു. എന്നാൽ പൊതുമേഖല ബാങ്കുകൾ ഉൾപ്പെടെ സജീവമായതോടെ സ്വർണ പണയത്തിന് മോഡി കൂടി. വലിയ നൂലാമാലകളും നടപടിക്രമങ്ങളുമില്ലാതെ അതിവേഗം പണം ലഭിക്കുന്നതാണ് പ്രധാന ആകർഷണം. സ്വർണം വീട്ടിൽ വയ്ക്കുന്നതിലും നല്ലത് പണയമായി ബാങ്കുകളിൽ വയ്ക്കുന്നതാണെന്നും പലരും വിലയിരുത്തുന്നു. ലോക്കറുകളിൽ സൂക്ഷിച്ചാൽ പോലും മോഷണം നടന്നാൽ ഉരുപ്പടി കിട്ടണമെന്നില്ല. അതേസമയം പണയമാണെങ്കിൽ ബാങ്കുകൾ ഉരുപ്പടി തിരിച്ചുനൽകാൻ ബാദ്ധ്യസ്ഥരാകും.

അധികമായാൽ പണി പാളും

വിലക്കയറ്റം മുതലെടുത്ത് ഉയർന്ന തുക വായ്പയെടുക്കുന്നതിൽ അപകടവുമുണ്ട്. വായ്പ തുകയും പലിശയും തിരിച്ചടക്കാനുള്ള ശേഷി കണക്കിലെടുത്ത് വായ്പയെടുക്കണം. തിരിച്ചടവ് മുടങ്ങിയാൽ പണ്ടം നഷ്‌ടമാകും. വില പൊടുന്നനെ മൂക്കുകുത്തിയാൽ അധിക സ്വർണം നൽകാനോ വായ്പയിൽ ഒരു ഭാഗം തിരിച്ചടയ്ക്കാനോ ബാങ്ക് നിർബന്ധിച്ചേക്കും.

ഒരു പവൻ സ്വർണം പണയം വച്ചാൽ ലഭിക്കുന്ന തുക

60,000 രൂപ