പ്രായം മറന്ന് ഉഷാമ്മ പാടി, കളക്ടർ ശ്രോതാവായി
കൊല്ലം: കളക്ടറെ കണ്ട ആവേശത്തിൽ 75 കാരിയായ ഉഷാമ്മ പ്രായം മറന്ന് പാടി. തിരക്കുകൾ മാറ്റിവച്ച് കളക്ടർ എൻ.ദേവിദാസ് പാട്ട് കേട്ടിരുന്നു. കൊട്ടിയം പൗരവേദി കൊട്ടിയം അസീസി വിനയാലയിൽ സംഘടിപ്പിച്ച ഓണാഘോഷം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു കളക്ടർ.
ഉഷാമ്മയുടെ പാട്ട് ഇഷ്ടപ്പെട്ട കളക്ടർ, പാടാൻ മൈക്ക് പിടിച്ചു നൽകുകയും ചെയ്തു. ആഘോഷ പരിപാടിക്കാകായി കളക്ടർ ഭാര്യാ സമേതമാണ് എത്തിയത്. വിനയാലയിലെ അമ്മമാർക്കും പി.എസ് ബാലിക സദനത്തിലെ കുഞ്ഞുങ്ങൾക്കുമായാണ് ആഘോഷം സംഘടിപ്പിച്ചത്.
പൗരവേദി പ്രസിഡന്റ് അഡ്വ. കൊട്ടിയം എൻ.അജിത്ത്കുമാർ അദ്ധ്യക്ഷനായി. ഡോൺബോസ്കോ കോളേജ് ഡയറക്ടർ ഡോ. ഫാ. ബോബി ജോൺ ഓണ സന്ദേശം നൽകി. ബി.ജെ.പി ദക്ഷിണ മേഖല പ്രസിഡന്റ് ബി.ബി.ഗോപകുമാർ, കെ.പി.സി.സി എക്സി. അംഗം അഡ്വ. എ.ഷാനവാസ്ഖാൻ, പുല്ലിച്ചിറ അമലോത്ഭവ മാതാ പള്ളി ഇടവക വികാരി ഫാ. അമൽരാജ്, കൊട്ടിയം സർക്കിൾ ഇൻസ്‌പെക്ടർ പ്രദീപ് കുമാർ, കൊട്ടിയം മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് എസ്.കബീർ, പൗരവേദി ആക്ടിംഗ് സെക്രട്ടറി നൗഷാദ് പാട്ടത്തിൽ, ട്രഷറർ ജോൺ മോത്ത, സിസ്റ്റർ ഉഷറ്റ മേരി, സിസ്റ്റർ സിഗേല, സിസ്റ്റർ. ജയ എന്നിവർ സംസാരിച്ചു. അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ഓണക്കോടികൾ വിതരണം ചെയ്തു. ഓണസദ്യയ്ക്ക് ശേഷം സംഗീത നൃത്ത വിരുന്നും അരങ്ങേറി.