സംസ്ഥാനത്ത് ഇത്തരം രോഗികളുടെ എണ്ണം നാൾക്കുനാൾ കൂടുന്നതായി മന്ത്രി
തിരുവനന്തപുരം: ജീവിതശൈലി രോഗങ്ങളുടെ സർവ്വേ നടത്തിയതിൽ സംസ്ഥാനത്ത് രക്തസമ്മർദ്ദമുള്ളവരുടെ എണ്ണം വർദ്ധിക്കുന്നതായി കണ്ടെത്തിയെന്ന് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. സ്ത്രീകളുടെ ആരോഗ്യം നാടിന്റെ കരുത്താണെന്നും ഊർജസ്വലമായി കാര്യങ്ങൾ ചെയ്യുന്നതിനും ഇടപെടുന്നതിനും ഓരോ സ്ത്രീയും ആരോഗ്യമുള്ളവരായിരിക്കണമെന്നും മന്ത്രി പറഞ്ഞു. പള്ളിപ്പുറം ജനകീയ ആരോഗ്യ കേന്ദ്രത്തിൽ സ്ത്രീ ( സ്‌ട്രെംങ്തനിംഗ് ഹെർ ടു എംപവറിംഗ് എവരിവൺ) ക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കടകംപള്ളി സരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. വിനയ് ഗോയൽ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ, കൗൺസിലർ ശ്രീദേവി എ, പള്ളിത്തുറ ഇടവക വികാരി ഫാ. ബിനു അലക്സ്, അഡീഷണൽ ഡയറക്ടർമാരായ ഡോ. വി മീനാക്ഷി, ഡോ. റീത്ത കെ.പി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, ഡോ. ബിപിൻ ഗോപാൽ, എസ്.പി.എം ഡോ. ബിജോയ്, ഡി.പി.എം ഡോ. അനോജ് എന്നിവർ പങ്കെടുത്തു. എല്ലാ ചൊവ്വാഴ്ചകളിലും ക്ലിനിക്കുകൾ പ്രവർത്തിക്കും.