ചേകാടി സർക്കാർ സ്കൂളിലെത്തിയ കുട്ടിയാന ചരിഞ്ഞു

Wednesday 17 September 2025 9:02 AM IST

വയനാട്: ആഴ്ചകൾക്ക് മുൻപ് വയനാട്ടിലെ വനഗ്രാമമായ ചേകാടിയിലെ സ്കൂളിലെത്തിയ കുട്ടിയാന ചരിഞ്ഞു. സ്കൂൾ പരിസരത്തും വരാന്തയിലുമെത്തി കൗതുകം നിറച്ച കുട്ടിയാനയാണ് അണുബാധയെ തുടർന്ന് ചരിഞ്ഞത്. ഓഗസ്റ്റ് പതിനെട്ടിനാണ് കുട്ടിയാന സ്കൂളിലെത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് കുട്ടിയാനയെ പിടികൂടി വെട്ടത്തൂർ വനമേഖലയിലേക്ക് മാറ്റിയത്. എന്നാൽ കാട്ടാനകൾ ആനക്കുട്ടിയെ ഒപ്പം കൂട്ടാൻ തയ്യാറായില്ല.

തുടർന്ന് കുട്ടിയാന കബനിപുഴ മുറിച്ചു കടന്ന് നേരെ കര്‍ണാടകയുടെ ബൈരക്കുപ്പ പഞ്ചായത്ത് പരിധിയിലെ വനപ്രദേശങ്ങളിലേക്ക് എത്തുകയായിരുന്നു. ഇവിടെ കടഗദ്ദ എന്ന പ്രദേശത്ത് നിന്ന് പരിക്കേറ്റ നിലയില്‍ ആനക്കുട്ടിയെ പ്രദേശവാസികള്‍ കര്‍ണാടക വനംവകുപ്പിന് കൈമാറിയിരുന്നു. തുടര്‍ന്ന് നാഗര്‍ഹോള ടൈഗര്‍ റിസര്‍വ്വിനകത്ത് സ്ഥിതിചെയ്യുന്ന ആനപരിപാലന കേന്ദ്രത്തിലേക്ക് കുട്ടിയാനയെ മാറ്റിയിരുന്നു. പരിക്കേറ്റതിനാലും കുഞ്ഞായതുകൊണ്ടും കട്ടിയുള്ള ആഹാരങ്ങളൊന്നും നല്‍കാന്‍ കഴിയുമായിരുന്നില്ല. കുറച്ചുദിവസങ്ങളായി ആട്ടിൻപാലാണ് കുട്ടിയാനയ്ക്ക് നൽകിയിരുന്നത്.