75ലും യുവത്വംനിറഞ്ഞ ജീവിതം; കുടിക്കുന്ന വെളളത്തിനുമുണ്ട് പ്രത്യേകത; മോദിയുടെ ആരോഗ്യരഹസ്യം
ന്യൂഡൽഹി: ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 75-ാമത് ജന്മദിനമാണ്. ഡൽഹി ഉൾപ്പെടെ ഇന്ത്യയിലെ വിവിധയിടങ്ങളിൽ മോദിയുടെ ജന്മദിനം ആഘോഷിക്കുകയാണ്. വിവിധ പദ്ധതികൾക്ക് തുടക്കം കുറിച്ചുകൊണ്ടാണ് മോദി തന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കുന്നത്. യുവത്വത്തിന്റെ അതേ ഊർജം ഉൾക്കൊണ്ടാണ് നരേന്ദ്രമോദി പല പ്രതിസന്ധികളും തരണം ചെയ്യുന്നത്. ചുറുചുറുക്കോടെ കാര്യങ്ങൾ ചെയ്യുകയും സമാധാനത്തോടെ വലിയ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുന്ന മോദിയുടെ ദിനചര്യ അറിയാൻ പലർക്കും താൽപര്യമാണ്.
ഇതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഒരു ദേശീയ മാദ്ധ്യമം ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നരേന്ദ്രമോദിയുടെ ഒരു ദിവസം ആരംഭിക്കുന്നത് പുലർച്ചെ നാലുമണി മുതലാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇത് മോദിക്ക് ശാന്തമായ മാനസികാവസ്ഥ നൽകുമെന്നും ആരോഗ്യകരമായ ശീലങ്ങൾ വളർത്തിയെടുക്കാൻ സഹായിക്കുമെന്നും വ്യക്തമാക്കുന്നുണ്ട്.
ഇതിനോടൊപ്പംതന്നെ മോദി യോഗ ചെയ്യുന്നത് പതിവാക്കിയുണ്ട്. ഇവയിലൂടെ അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെടുകയും മാനസിക ഏകാഗ്രത ലഭിക്കുകയും ചെയ്യും. രാവിലെയുളള നടത്തവും മോദി ഒഴിവാക്കാറില്ല. പ്രകൃതിയുമായി അടുത്ത് ഇടപെഴകാനാണിത്.
ലഘുവായതും പോഷകസമൃദ്ധവുമായ ഭക്ഷണമാണ് അദ്ദേഹം കഴിക്കുന്നത്. പോഹ, ഇഞ്ചി ചായ, ഖിച്ഡി, കാദി, ഉപ്പുമ അല്ലെങ്കിൽ ഖക്ര പോലുളള വിഭവങ്ങളാണ് പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്താറുളളത്. മോദി എല്ലാ ദിവസവും മൂന്ന് മുതൽ നാല് മണിക്കൂർവരെ ഉറങ്ങുമെന്നാണ് റിപ്പോർട്ട്. ഇതിനോടൊപ്പം തന്നെ ഉപവാസവും വിശ്രമവും പിന്തുടരുന്നുണ്ട്. ചൂടുവെളളം കുടിക്കുന്നത് തന്റെ ദിനചര്യയുടെ ഭാഗമാണെന്ന് മോദി തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. മാർച്ച്- ഏപ്രിൽ മാസത്തിൽ ചൈത്ര നവരാത്രിയോടനുബന്ധിച്ച് ഒമ്പത് ദിവസം ഉപവാസമനുഷ്ഠിച്ചതിനെക്കുറിച്ചും മോദി വിശദീകരിച്ചു. ഒമ്പത് ദിവസവും പപ്പായ മാത്രമാണ് കഴിച്ചതെന്ന് അദ്ദേഹം പറഞ്ഞു.