'എന്റെ നെഞ്ചത്തോട്ട് കയറിക്കോ, നിങ്ങളുടെ അല്ല രാജ്യത്തിന്റെ മന്ത്രിയാണ് ഞാൻ'; വൃദ്ധയുടെ ചോദ്യത്തിന് പരിഹാസം

Wednesday 17 September 2025 2:31 PM IST

തൃശൂർ: വയോധികയുടെ ചോദ്യത്തിന് കേന്ദ്രമന്ത്രി സുരേഷ് ഗോപി കൊടുത്ത മറുപടി വിവാദമാകുന്നു. ഇന്ന് രാവിലെ ഇരിങ്ങാലക്കുടയിൽ വച്ചുനടന്ന കലുങ്ക് സഭയിലാണ് സംഭവം. കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ എടുക്കാൻ സഹായിക്കാമോ എന്നായിരുന്നു വൃദ്ധ ചോദിച്ചത്. മുഖ്യമന്ത്രിയെ സമീപിക്കൂ എന്നായിരുന്നു സുരേഷ് ഗോപി അതിന് നൽകിയ മറുപടി. മുഖ്യമന്ത്രിയെ തിരക്കിപ്പോകാൻ പറ്റുമോയെന്ന് വൃദ്ധ ചോദിച്ചപ്പോൾ എന്റെ നെഞ്ചത്തോട്ട് കയറിക്കോ എന്നാണ് സുരേഷ് ഗോപി പരിഹാസത്തോടെ പറഞ്ഞത്.

'കരുവന്നൂർ ബാങ്കിൽ നിന്ന് ഇഡി പിടിച്ചെടുത്ത പണം ജനങ്ങൾക്ക് തിരികെ വാങ്ങിത്തരാൻ മുഖ്യമന്ത്രി തയ്യാറാണോ? ആ പണം ഇഡിയിൽ നിന്ന് സ്വീകരിക്കാൻ നിങ്ങളുടെ മുഖ്യമന്ത്രിയോട് പറയൂ. പരസ്യമായിട്ടാണ് ഞാനിത് പറയുന്നത്. അല്ലെങ്കിൽ നിങ്ങളുടെ എംഎൽഎയെ കാണൂ ' - സുരേഷ് ഗോപി പറഞ്ഞു. ഇതോടെയാണ് മുഖ്യമന്ത്രിയെ തിരക്കിപ്പോകാൻ തനിക്ക് പറ്റുമോ എന്ന് വയോധിക ചോദിച്ചത്. 'എന്നാൽ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ, നിങ്ങളുടെ മന്ത്രി ഇവിടെയല്ലേ താമസിക്കുന്നത്' എന്ന് സുരേഷ് ഗോപി പറഞ്ഞു, ഇത് കേട്ടതും ചുറ്റും കൂടിനിന്നവരെല്ലാം പൊട്ടിച്ചിരിച്ചു.

'സാർ നിങ്ങൾ ഞങ്ങളുടെ മന്ത്രിയല്ലേ ' എന്ന് വയോധിക തിരിച്ച് ചോദിച്ചു. 'അല്ല ഞാൻ ഈ രാജ്യത്തിന്റെ മന്ത്രിയാണ്. അതിനുള്ള മറുപടിയും ഞാൻ നൽകിക്കഴിഞ്ഞു. നിങ്ങൾ മുഖ്യമന്ത്രിയെ കണ്ട് ആ തുക ഇഡിയിൽ നിന്ന് സ്വീകരിക്കാൻ പറയൂ. എന്നിട്ട് നിങ്ങൾക്ക് വീതിച്ച് തരാൻ പറയൂ' - സുരേഷ് ഗോപി പറഞ്ഞു.